കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അമിത് ഒറാങ്ങിനെ പോലീസ് സമര്‍ത്ഥമായി കുടുക്കി. തൃശൂര്‍ മാളയില്‍നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ഗാന്ധിനഗര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു പുലര്‍ച്ചെ അസമില്‍നിന്നുള്ള അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമില്‍ നിന്നാണ് അമിതിനെ കസ്റ്റഡിയിലെടുത്തത്. അമിത് ഒറാങ് എന്നാണ് ജോലി തേടി കോട്ടയത്ത് വന്നതെന്ന് പൊലീസിനു പോലും വ്യക്തമല്ല.
മൂന്നു വര്‍ഷമായി വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ഇയാള്‍ ജോലി ചെയ്തിരുന്നു ഇതിനിടെയാണു വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകള്‍ മോഷ്ടിച്ചതും ഇതുപയോഗിച്ചു പണം തട്ടിയെടുത്തതും. ഈ കേസില്‍ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലില്‍ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയെന്ന് സൂചനയുണ്ട്. ഈ കേസില്‍ ആസമില്‍ ചെന്ന് ഭാര്യയേയും അമിതിനേയും ഒരുമിച്ചാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തി. വിശദമായ ചോദ്യം ചെയ്യലിലൂടെ വസ്തുതകള്‍ പുറത്തു കൊണ്ടു വരുനാണ് നീക്കം.
വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു അമിത്. ഓഡിറ്റോറിയത്തിലെ ജോലിക്കൊപ്പം തിരുവാതുക്കലിലെ വിജയകുമാറിന്റെ വീട്ടിലും ചെറിയ ജോലികള്‍ ചെയ്തിരുന്നു. 2024 ല്‍ വിജയകുമാറിന്റെ മൊബൈല്‍ അമിത് മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ബാങ്കിങ് വഴി പണം അപഹരിച്ച സംഭവത്തില്‍ അമിതിനെതിരെ വിജയകുമാര്‍ പൊലീസില്‍ പരാതിപ്പെട്ടു. പിന്നാലെ ശിക്ഷിക്കപ്പെട്ട അമിതിനെ കോട്ടയം ജില്ലാ ജയിലിലേക്കു മാറ്റി. ഈ മാസമാണ് അമിത് ശിക്ഷ പൂര്‍ത്തിയാക്കി ജയിലില്‍നിന്നു പുറത്തിറങ്ങിയത്. തുടര്‍ന്ന് തിരുവാതുക്കലിലെ വീട്ടിലെത്തി വിജയകുമാറിനെയും ഭാര്യ മീരയെയും ഭീഷണിപ്പെടുത്തിയതായും പറയുന്നു. കൊലപാതകത്തിനു പിന്നാലെ പ്രതി വിജയകുമാറിന്റെയും മീരയുടെയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു പണമോ ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രാഥമിക വിലയിരുത്തലിലാണ് പൊലീസ്.