വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വധൂവരന്മാർ തങ്ങളുടെ പ്രിയപ്പെട്ടവരെ ക്ഷണിക്കുകയും അവർക്കായി വിരുന്നൊരുക്കുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാൽ, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു പോസ്റ്റിൽ വിവാഹ വിരുന്നുമായി ബന്ധപ്പെട്ട് ഏറെ വിചിത്രമായ ഒരു കാര്യമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വിവാഹ വിരുന്നിന് ക്ഷണിക്കപ്പെട്ട അതിഥികളിൽ നിന്ന് വധു 15,000 രൂപ വീതം ആവശ്യപ്പെട്ടതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. പ്രസ്തുത ചടങ്ങിൽ പങ്കെടുത്ത വധുവിന്‍റെ ഒരു സുഹൃത്തായ യുവതിയാണ് റെഡ്ഡിറ്റിലൂടെ തന്‍റെ അനുഭവം പങ്കുവെച്ചത്.
വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വധു തന്‍റെ ഒരു കൂട്ടം സുഹൃത്തുക്കളെ ഒരു ആഡംബര റസ്റ്റോറന്‍റിലേക്ക് ക്ഷണിച്ചിരുന്നുവെന്നാണ് തന്‍റെ പോസ്റ്റിൽ യുവതി വ്യക്തമാക്കുന്നത്. മെഹന്തി ആഘോഷ ചടങ്ങുകൾ ആയിരുന്നു അന്നേ ദിവസം നടന്നിരുന്നത്. റസ്റ്റോറന്‍റിൽ സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ആഘോഷ രാവായാണ് മെഹന്തി ആഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞതോടെ അപ്രതീക്ഷിതമായി കഴിച്ച ഭക്ഷണത്തിന്‍റെ പണം നൽകാനായി ചടങ്ങിൽ പങ്കെടുത്ത എല്ലാവരോടും യുവതി 15,000 രൂപ വീതം ആവശ്യപ്പെട്ടു.
വിരുന്നിൽ ഭക്ഷണപാനീയങ്ങളുടെ ഒരു പ്രത്യേക മെനു തന്നെ ഉണ്ടായിരുന്നു. പാനീയങ്ങളിൽ വിലകൂടിയ മദ്യവും നിരവധി കുപ്പി ഷാംപെയ്‌നും ഉൾപ്പെട്ടിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴാണ് വധു, എല്ലാവരും ബില്ല് പങ്കുവെച്ച് നൽകണമെന്നും അതിലേക്ക് 15,000 രൂപ വേണമെന്നും ആവശ്യപ്പെട്ടത്. ആ സമയം തന്‍റെ കയ്യിൽ പണമില്ലാതിരുന്നതിനാൽ അത് തനിക്ക് വലിയൊരു നിരാശയായി അനുഭവപ്പെട്ടുവെന്നുമാണ് യുവതി പോസ്റ്റിൽ പറയുന്നത്. തനിക്ക് മാത്രമല്ല വിരുന്നിൽ പങ്കെടുത്ത നിരവധി പേർക്കും സമാന അനുഭവമുണ്ടായെന്നും യുവതി എഴുതി. കുറിപ്പ് വൈറൽ ആയതോടെ ഇത്തരത്തിൽ ഒരു സംഭവം ആദ്യമായാണ് കേൾക്കുന്നതെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.