റോം: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. വിഡിയോ പ്രസ്താവനയിലൂടെ വത്തിക്കാനാണ് ഇക്കാര്യം അറിയിച്ചത്. റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിൻ അമേരിക്കൻ അദ്ധ്യക്ഷനാണ് ഫ്രാൻസിസ് മാർപാപ്പ.
1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി. 2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.