ഭോപ്പാൽ (Bhoppal) : വിദ്യാർത്ഥികൾക്ക് മദ്യം നൽകാൻ ശ്രമിച്ച സർക്കാർ സ്‌കൂളിലെ അദ്ധ്യാപകന് സസ്‌പെൻഷൻ. (A teacher at a government school has been suspended for trying to serve alcohol to students.) മദ്ധ്യപ്രദേശിലെ കട്ട്നി ജില്ലയിലാണ് സംഭവം. ഖിർഹാനി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകനായ ലാൽ നവീൻ പ്രതാപ് സിംഗിനെയാണ് സസ്‌പെൻഡ് ചെയ്തത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നിലത്തിരുന്ന്, വിദ്യാർത്ഥികളെ തന്റെ മുന്നിലിരുത്തിയാണ് അദ്ധ്യാപകൻ മദ്യപിക്കുന്നത്. കപ്പുകളിൽ മദ്യം ഒഴിക്കുന്നു. കുടിക്കുന്നതിന് മുമ്പ് വെള്ളമൊഴിക്കണമെന്ന് അദ്ധ്യാപകൻ ആൺകുട്ടികളോട് പറയുന്നതും വീഡിയോയിലുണ്ട്.
തുടർന്ന് വിദ്യാർത്ഥികൾ ആസ്വദിച്ച് മദ്യപിക്കുകയാണ്. ഇത് നോക്കി നിൽക്കുന്ന അദ്ധ്യാപകനെയും വീഡിയോയിൽ കാണാം. വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. രൂക്ഷവിമർശനവും ഉയർന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട ജില്ലാ കളക്ടർ ദിലീപ് കുമാർ യാദവ്, അദ്ധ്യാപകനെതിരെ നടപടിയെടുക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ പി സിംഗിനോട് നിർദ്ദേശിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മോശം പെരുമാറ്റം, കുട്ടികളെ മദ്യം കുടിക്കാൻ പ്രോത്സാഹിപ്പിക്കൽ, ഒരു അദ്ധ്യാപകന്റെ അന്തസിന് കളങ്കം വരുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി മദ്ധ്യപ്രദേശ് സിവിൽ സർവീസസ് (പെരുമാറ്റ) ചട്ടങ്ങൾ പ്രകാരം ഇയാളെ ഉടൻ സസ്‌പെൻഡ് ചെയ്തതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ലാൽ നവീൻ പ്രതാപ് സിംഗിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.