‘പൊലീസ് പ്രയോഗിച്ചത് ശക്തികൂടിയ ടിയർ ഗ്യാസ്, ആരുടെ നിർദേശപ്രകാരമാണിത്’; മുഖ്യമന്ത്രി മറുപടി പറയണം: തരൂർ

Written by Taniniram Desk

Published on:

തിരുവനന്തപുരം: ഡിജിപി ഓഫീസിലേയ്ക്ക് കെപിസിസി നടത്തിയ മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി ശശി തരൂർ എംപി. പ്രതിപക്ഷ നേതാവ് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പ്രകോപനമില്ലാതെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചതെന്ന് ശശി തരൂർ ആരോപിച്ചു.

മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് പൊലീസിന്റ ഭാഗത്ത് നിന്നുണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ വേദിയിൽ നിന്നിറങ്ങാൻ എല്ലാവരും നിർബന്ധിതരായി. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത പെരുമാറ്റമാണ് പൊലീസിന്റ ഭാഗത്തുനിന്നുണ്ടായതെന്ന് ഡിജിപിയോട് പറഞ്ഞിട്ടുണ്ട്. അന്വേഷിക്കാമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. പക്ഷേ അത് എപ്പോൾ, എങ്ങനെ നടക്കുമെന്ന് വ്യക്തമല്ല. എല്ലാവരും നിശബ്ദരായി പ്രസംഗം കേൾക്കുന്നതിനിടെയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രതികരണം ഉണ്ടായത്.

ആരുടെ നിർദേശപ്രകാരമാണ് ഇത് നടന്നതെന്ന് ഞാൻ മുഖ്യമന്ത്രിയോട് ചോദിക്കുകയാണ്. വളരെ ശക്തി കൂടിയ ടിയർ ഗ്യാസാണ് പൊലീസ് പ്രയോഗിച്ചത്. ഇപ്പോഴും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. കോൺഗ്രസ് ഭരിക്കുമ്പോഴെല്ലാം ആ അവകാശം നൽകിയിട്ടുണ്ട്. എന്നാലിവരെ എതിർക്കാനോ സംസാരിക്കാനോ പാടില്ല. ഇതിനുള്ള മറുപടി മുഖ്യമന്ത്രി പറയണം.

പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായ എംപിമാരും എംഎൽഎമാരും പ്രിവിലേജ് കമ്മിറ്റിയ്ക്ക് പരാതി നൽകണം. ജനാധിപത്യ ജനപ്രതിനിധികൾക്കെതിരെ അക്രമം നടത്തിയ പൊലീസിനെതിരെ നടപടി സ്വീകരിക്കണം. സ്‌പീക്കർക്ക് എന്തായാലും കത്ത് നൽകും. എല്ലാവർക്കും നല്ല അഭിപ്രായമുണ്ടായിരുന്ന കേരളത്തിലെ ജനാധിപത്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്’- ശശി തരൂർ പറഞ്ഞു.

See also  ഓയൂർ കേസ്: 3 പേർ പിടിയിൽ.

Related News

Related News

Leave a Comment