ന്യൂഡൽഹി (Newdelhi) : ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ എയർഹോസ്റ്റസ് വെന്റിലേറ്ററിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയായ കേസിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. (Police have arrested a man in connection with the sexual assault of an air hostess on a ventilator at a private hospital in Gurugram.) ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്. പരാതി നൽകി അഞ്ച് ദിവസത്തിനുശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ആശുപത്രിയിൽ വെൻറിലേറ്റർ സഹായത്തിലായിരുന്നപ്പോൾ ലൈംഗികാതിക്രമം നേരിട്ടെന്ന ഗുരുതര ആരോപണവുമായി എയർഹോസ്റ്റസ് രംഗത്തെത്തിയത് രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. 46 കാരിയായ എയർഹോസ്റ്റസിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഏപ്രിൽ ആറിന് പീഡിപ്പിക്കപ്പെട്ടെന്നാണ് എയർഹോസ്റ്റസ് നൽകിയ പരാതിയിൽ പറയുന്നത്.
ഏപ്രിൽ 13 ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് യുവതി ഭർത്താവിനോട് ഇക്കാര്യം പറഞ്ഞത്. പിന്നാലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകി അഞ്ചാം ദിവസമാണ് ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദീപകിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനിങിൽ പങ്കെടുക്കാനാണ് എയർ ഹോസ്റ്റസ് ഗുരുഗ്രാമിൽ എത്തിയത്. അതിനിടെ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വീണ് ഗുരുതരാവസ്ഥയിലായ യുവതിയെ ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വെൻറിലേറ്റർ സഹായത്തിൽ ആയിരുന്നപ്പോഴാണ് ആശുപത്രി ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയതെന്നായിരുന്നു ഇവരുടെ പരാതി. ആ സമയത്ത് നിലവിളിക്കാനോ എതിർക്കാനോ കഴിയുന്ന അവസ്ഥയിൽ ആയിരുന്നെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റടക്കം പൊലീസ് പരിശോധിച്ചിരുന്നു. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയതെന്നാണ് വ്യക്തമാകുന്നത്. നേരത്തെ പരാതിക്കാരിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.