ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. എറണാകുളം പിറവത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം കേസിൽ ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം സിചുമത്തിയേക്കും.
പിടിയിലായ പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവിന്റെ നിരന്തര പ്രേരണയിലാണ് പി ജി മനു ജീവനൊടുക്കിയതെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പി ജി മനുവിൻ്റെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പകർത്തിയത് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് പി ജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിലാണ് പി ജി മനുവിനെ കണ്ടെത്തിയത്.
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്നു മുൻ ഗവൺമെൻ്റ് പ്ലീഡർ കൂടിയായ പി.ജി മനു. കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നത്. പിജി മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.