വിവാഹിതരായ രണ്ടുപേരുടെ പരസ്പരം ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. ജല്‍പൈഗുരി സര്‍ക്യൂട്ട് ബഞ്ചിന്റേതാണ് നിര്‍ണായക നിരീക്ഷണം. ലൈംഗിക ബന്ധത്തിന് ശേഷം പങ്കാളി വിവാഹവഗ്ദാനം നല്‍കി കബളിപ്പിച്ചന്ന് പറയുന്നതില്‍ അര്‍ഥിമില്ലെന്നും ജസ്റ്റീസ് ബിപാസ് രഞ്ജന്‍ ഡേ നിരീക്ഷിച്ചു.
വിവാഹിതയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ണായകമായ ഈ നിരീക്ഷണം . തന്റെ വിവാഹതേര ബന്ധം മനസിലാക്കിയ ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടു . വിവാഹവാഗ്ദാനം നല്‍കിയാണ് പങ്കാളി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ പിന്നീട് അയാള്‍ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി.ഇത് ചതിയാണെന്നും യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി .
ഹര്‍ജി പരിഗണിച്ച കോടതി യുവതിയുടെ ഈ നിലപാട് തള്ളി. വിവാഹിതര്‍ വിവാഹേതര ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ പരസ്പരം കൃത്യമായി അറിവുള്ളവരായിക്കുമല്ലോ, അവരുടെ വിവാഹബന്ധത്തെക്കുറിച്ചും ബോധ്യമുണ്ടായിരിക്കും. ഉഭയസമ്മതത്തോടെ നടക്കുന്ന ബന്ധത്തില്‍ വാഗ്ദാനത്തിനു വിലകല്‍പ്പിക്കാനാവില്ല. പറഞ്ഞുപറ്റിച്ചെന്നും വ്യാജവാഗ്ദാനം നടത്തി ലൈംഗികബന്ധത്തിലേപ്പെട്ടെന്നും ഇത്തരം സാഹചര്യങ്ങളില്‍ പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സ്വന്തം കുടുംബത്തിലെ, പങ്കാളിയോടുള്ള കടമകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളേക്കുറിച്ചും പരസ്പര വിശ്വാസത്തെക്കുറിച്ചും ബോധ്യമുള്ളവരാണ് മനുഷ്യരെന്നും കോടതി പറയുന്നു. യുവതി നല്‍കിയ പരാതി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. 2024 സെപ്റ്റംബര്‍ 8നാണ് യുവതി പരാതി നല്‍കിയത്.
രണ്ടു വര്‍ഷമായി ഒരാളുമായി ബന്ധമുണ്ടെന്നും ഇതറിഞ്ഞ ഭര്‍ത്താവ് വിവാഹബന്ധം വേര്‍പെടുത്താന്‍ തയ്യാറായെന്നും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി സുഹൃത്ത് പറ്റിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. വ്യാജവാഗ്ദാനങ്ങള്‍ നടത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്നാണ് യുവതിയുടെ പരാതി. പരാതി നിലനില്‍ക്കില്ലെന്നു വ്യക്തമാക്കിയ കോടതി യുവാവിനെതിരായ നടപടി തള്ളി.