കൊച്ചി (Kochi) : മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. (The High Court has ordered a CBI investigation into a complaint that former Chief Secretary and KIIFB CEO K M Abraham had amassed wealth beyond his means.) കൊച്ചി സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. ജോമോന്‍ പുത്തന്‍ പുരക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018 ലാണ് ജോമോന്‍ പുത്തന്‍ പുരക്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി കേസില്‍ വാദം തുടരുകയായിരുന്നു. ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്നു മറുപടി പറയാന്‍ കെഎം എബ്രഹാമിനോട് ജസ്റ്റിസ് കെ ബാബു വാദത്തിനിടയില്‍ ആവശ്യപ്പെട്ടിരുന്നു.
കോളജ് പ്രൊഫസര്‍മാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെന്‍ഷന്‍ കിട്ടുന്ന രൂപയുടെ സഹായത്താലാണ് ലോണ്‍ അടയ്ക്കുന്നതെന്നായിരുന്നു മറുപടി. അതേസമയം കെഎം എബ്രഹാമിന്റെ അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു പോയിട്ടും അത് മറച്ചുവയ്ക്കുകയും കോടതിയില്‍ കള്ളം പറഞ്ഞെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
സംസ്ഥാന വിജിലന്‍സ് കെഎം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിന്റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു.