മലപ്പുറം (Malappuram) : വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിൽ. (Another person is in police custody in connection with the death of a woman who gave birth at home.) മരിച്ച അസ്‌മയുടെ പ്രസവം എടുക്കാൻ സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അസ്‌മയുടെ ഭർത്താവ് സിറാജുദ്ദീനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
35കാരിയായ അസ്‌മയെ വീട്ടിൽ വച്ച് പ്രസവിക്കാൻ മനഃപൂർവം നിർബന്ധിച്ചുവെന്നാണ് സിറാജുദ്ദീനെതിരായ കുറ്റം. പ്രസവത്തിൽ അസ്‌മ മരിച്ചതിനാൽ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാൽ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. അസ്‌മയുടെ നേരത്തേയുള്ള നാല് പ്രസവങ്ങളിൽ രണ്ടെണ്ണം വീട്ടിലാണ് നടന്നത്. ആശുപത്രിയിൽ പോയി പ്രസവിക്കാൻ ഭർത്താവ് സമ്മതിക്കാത്തതിനാലാണ് വീട്ടിൽ പ്രസവം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാർന്ന് അസ്‌മ മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അക്യൂപംങ്‌ചർ പഠിച്ചതിനാൽ വേദനയില്ലാതെ പ്രസവിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്താന്‍ അസ്‌മയെ സിറാജുദ്ദീൻ നിര്‍ബന്ധിച്ചത്.
മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചിരുന്ന വ്യക്തിയാണ് സിറാജുദ്ദീൻ. വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ സംസാരിക്കാനുള്ള കഴിവിലൂടെയാണ് പലരിലും അന്ധവിശ്വാസങ്ങൾ അടിച്ചേൽപ്പിച്ചിരുന്നത്. വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേൾവിക്കാരൻ ആയിരുന്നു സിറാജുദ്ദീൻ.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഒൻപത് മണിയോടെയാണ് ഭാര്യ മരിച്ചതായി സിറാജുദ്ദീൻ മനസിലാക്കുന്നത്. പിന്നാലെ മൃതദേഹം സിറാജുദ്ദീൻ പെരുമ്പാവൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.