കൊച്ചി (Kochi) : നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാകുന്നു. (The trial in the actress attack case is coming to an end.) എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെ മറുപടി വാദം ഇന്നാരംഭിക്കും. പ്രോസിക്യൂഷന്റെ മറുപടി വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയാകും. പ്രോസിക്യൂഷന്‍ വാദം കൂടി പൂര്‍ത്തിയായാല്‍ കേസ് വിധി പറയാന്‍ മാറ്റും.
അതേസമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി. ജസ്റ്റിസുമാരായ പി കൃഷ്ണകുമാര്‍, എ മുഹമ്മദ് മുസ്താഖ് എന്നിവരുടേതാണ് വിധി.
നേരത്തെ സിംഗിള്‍ ബെഞ്ചിനെയും ദിലീപ് സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഹര്‍ജി നിരസിച്ചതിന് പിന്നാലെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുകയായിരുന്നു. 2019ലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം ആവശ്യമെന്നായിരുന്നു ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഹര്‍ജി ദിലീപ് നല്‍കിയിട്ടെന്നും കേസിന്റെ പുരോഗതിയില്‍ ദിലീപ് പോലും താല്‍പര്യം കാണിച്ചിരുന്നില്ലെന്നും അങ്ങനെയൊരു കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.