കൊച്ചി: ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ് നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 28ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കേസില്‍ ഗോപാലനെ ഇന്നലെ ആറുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു.
ഗോപാലന്‍ നേരിട്ടോ ഗോകുലം കമ്പനിയുടെ പ്രതിനിധിയോ ഹാജരാകണമെന്നാണ് നോട്ടീസ്. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തി. എന്നാല്‍ കൂടുതല്‍ തുകയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് എത്തിയ പണം എന്ത് ആവശ്യത്തിന് ഗോകുലം ഗ്രൂപ്പ് ഇവിടെ ചിലവഴിച്ചു എന്നതിലടക്കമാണ് ഇഡി പരിശോധന. അന്വേഷണങ്ങള്‍ക്ക് പിന്നില്‍ എമ്പുരാന്‍ വിവാദമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.
ചട്ടം ലംഘിച്ച് 592.54 കോടി വിദേശ ഫണ്ട് സ്വീകരിച്ചതായും ഇ.ഡി വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 370.80 കോടി പണമായും 220.74 കോടി രൂപ ചെക്കായുമാണ് സ്വീകരിച്ചത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയുംചെയ്തു. പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുന്നതായാണ് ഇ.ഡി അധികൃതര്‍ പറയുന്നത്. മൊത്തം 1,000 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നെന്നാണ് ഇ.ഡി ആരോപണം.