കോഴിക്കോട് (Calicut) : പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യുന്നു. (The Enforcement Directorate (ED) is questioning prominent industrialist and film producer Gokulam Gopalan.) കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്‍റെ ഓഫിസിൽ വെച്ച് ഇദ്ദേഹത്തെ ചോദ്യംചെയ്യുന്നത്. ഗോകുലം ഗ്രൂപ്പിന്‍റെ ഓഫിസുകളിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് ഇ.ഡി ഗോകുലം ഗോപാലനെ ചോദ്യംചെയ്യുന്നത്.
വടകരയിലെ ഇദ്ദേഹത്തിന്‍റെ വീട്ടിലെത്തി ചോദ്യംചെയ്യാനായിരുന്നു ഇ.ഡി നീക്കം. എന്നാൽ, ഗോകുലം ഗോപാലൻ കോഴിക്കോട്ടെ ഓഫിസിലേക്കെത്തുകയായിരുന്നു. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ധനകാര്യ സ്ഥാപനങ്ങളിലും കോഴിക്കോട് അരയിടത്തുപാലത്തുള്ള ഗോകുലം ഗ്രാന്റ് കോർപ്പറേറ്റ് ഓഫിസിലും ഇ.ഡി റെയ്ഡ് നടത്തുകയാണ്. ചിട്ടി ഇടപാടിന്‍റെ പേരിൽ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലാണ് പരിശോധന.
എമ്പുരാൻ സിനിമ ദേശീയതലത്തിൽ വിവാദമായിരിക്കെയാണ് സിനിമയുടെ നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്. ഗുജറാത്ത് വംശഹത്യ ഉൾപ്പെടെ സൂചിപ്പിക്കുന്ന ചിത്രം ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചിരുന്നു. തിയറ്ററിൽ പ്രദർശനം തുടങ്ങിയ ചിത്രം വീണ്ടും സെൻസർ ചെയ്ത് ചില ഭാഗങ്ങൾ വെട്ടിമാറ്റിയാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.