ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്ക് വൻതോതിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം പകർന്ന് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. (There was a huge drop in gold prices today, bringing relief to jewelry lovers and those trying to buy jewelry in large quantities for special occasions, including weddings.) കേരളത്തിൽ ഗ്രാമിന് ഒറ്റയടിക്ക് 100 രൂപ കുറഞ്ഞ് വില 7,200 രൂപയായി. 800 രൂപ ഇടിഞ്ഞ് 57,600 രൂപയാണ് പവൻവില. നവംബറിൽ കഴിഞ്ഞ ശനിയാഴ്ച വരെ പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയും കുത്തനെ കൂടിയശേഷമാണ് ഇന്നത്തെ ഈ വിലക്കുറവ്.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 80 രൂപ താഴ്ന്ന് 5,940 രൂപയായി. അതേസമയം, വെള്ളിവില ഗ്രാമിന് 98 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. മൂന്ന് ശതമാനം ജിഎസ്ടി, മിനിമം 5% പണിക്കൂലി, ഹോൾമാർക്ക് ഫീസ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഇന്നൊരു പവൻ ആഭരണവില കേരളത്തിൽ 62,350 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,795 രൂപയും. 63,215 രൂപയായിരുന്നു ശനിയാഴ്ച പവന് വാങ്ങൽവില; ഗ്രാമിന് 7,902 രൂപയും.
ഔൺസിന് 2,560 ഡോളർ വരെ താഴ്ന്ന രാജ്യാന്തര സ്വർണവില കഴിഞ്ഞവാരം 2,715 ഡോളറിലേക്ക് കുതിച്ചുയർന്ന പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞയാഴ്ചയിൽ കേരളത്തിലും സ്വർണവില കുതിച്ചത്. രാജ്യാന്തര വില വൻതോതിൽ കൂടിയത് മുതലെടുത്ത്, ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിൽ ഇപ്പോൾ കനത്ത ലാഭമെടുപ്പ് നടന്നതോടെ ഇപ്പോൾ വിലയിടിയുകയായിരുന്നു. നിലവിൽ 2,667 ഡോളറാണ് രാജ്യാന്തരവില.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച്, കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിലെ അംഗങ്ങൾക്കിടയിൽ ഭിന്നത ശക്തമായതും സ്വർണത്തിന് സമ്മർദ്ദമാകുന്നുണ്ട്. പണപ്പെരുപ്പം കൂടുന്നത് ചൂണ്ടിക്കാട്ടി ചിലർ പലിശയിളവ് ഇനി വേണ്ടെന്ന നിലപാടിലാണ്. എന്നാൽ, ഒരുവിഭാഗം അംഗങ്ങൾ ഇനിയും പലിശ കുറയേണ്ടതുണ്ടെന്ന് വാദിക്കുന്നു. ഡിസംബറിലെ പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കാൽശതമാനം കുറയ്ക്കാൻ നിലവിൽ 50% സാധ്യതയേ വിപണി കാണുന്നുള്ളൂ.
പലിശ കുറഞ്ഞാൽ സ്വർണവില ഉയരും. കാരണം, ഡോളറും യുഎസ് സർക്കാരിന്റെ ബോണ്ട് യീൽഡും (കടപ്പത്ര ആദായനിരക്ക്) ബാങ്ക് നിക്ഷേപപ്പലിശയും താഴും. ഇത് സ്വർണനിക്ഷേപ പദ്ധതികളെ ആകർഷകമാക്കും. വിലയും കൂടും. യുഎസിന്റെ പണപ്പെരുപ്പക്കണക്ക്, ജിഡിപിക്കണക്ക് എന്നിവ ഈയാഴ്ച അറിയാം. ഇവ സ്വർണവിലയുടെ വരുംദിവസങ്ങളിലെ ദിശയിൽ വൻ സ്വാധീനം ചെലുത്തിയേക്കും.