തല നരയ്ക്കുന്നത് ഭൂരിഭാഗം ചെറുപ്പക്കാരും നേരിടുന്ന പ്രശ്‌നമാണ്. കാരണം കറുത്ത മുടിയിഴകകൾക്കിടയിൽ വെള്ളമുടി പ്രത്യക്ഷപ്പെടുന്നത് സൗന്ദര്യം ഇല്ലാതാക്കും. അതുകൊണ്ട് തന്നെ നര വരുന്നത് പലരെയും മാനസികമായി ബാധിക്കാറുണ്ട്.
മുടി നരച്ച് തുടങ്ങിയാൽ ആദ്യം നാം ആശ്രയിക്കുക ഡൈകളെ ആയിരിക്കും. ഡൈകൾ മുടി കറുപ്പിക്കാൻ ഏറെ ഫലപ്രദമാണെന്ന് എല്ലാവർക്കും അറിയാം. നല്ല കറുകറുത്ത മുടി ഡൈകൾ പ്രധാനം ചെയ്യുന്നു. എന്നാൽ ഡൈ അടിയ്ക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുക എന്നതാണ് വാസ്തവം.
മുടിയെ ദോഷമായി ബാധിക്കുന്ന ധാരാളം കെമിക്കലുകൾ ഡൈയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡൈയുടെ സ്ഥിരമായ ഉപയോഗം മുടിയുടെ ആരോഗ്യത്തെ ബാധിക്കും. മുടിയുടെ വേരുകൾ ദുർബലം ആകുന്നതിനും മുടി ധാരാളം കൊഴിയുന്നതിനും ഇത് കാരണം ആകും. അത് മാത്രമല്ല മുടിയിഴകൾ പൂർണമായി നരയ്ക്കുന്നതിനും ഡൈയുടെ ഉപയോഗം വഴിവെച്ചേക്കാം. ഈ സാഹചര്യത്തിൽ എന്ത് ചെയ്യും?.
മുടിയുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് തന്നെ നമുക്ക് നരയെ ഇല്ലാതാക്കാവുന്നത് ആണ്. ഇതിനായി ഡൈ തന്നെ ഉപയോഗിക്കാം. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന കെമിക്കൽ ഡൈ അല്ല, മറിച്ച് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന നാച്യുറൽ ഡൈ നമുക്ക് ഉപയോഗിക്കാം.
ഡൈ വീട്ടിൽ ഉണ്ടാക്കാൻ ആദ്യം വേണ്ടത് ചക്കക്കുരു ആണ്. നന്നായി തൊലി കളഞ്ഞ ചക്കക്കുരു ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ശേഷം മിക്‌സിയിൽ നന്നായി പൊടിച്ച് എടുക്കാം. ഈ പൊടി ഒരു ഇരുമ്പ് ചീന ചട്ടിയിൽ ഇട്ട് ചൂടാക്കുകയാണ് അടുത്ത പടി. നല്ല കറുപ്പ് നിറമാകുന്നതുവരെ ഈ പൊടി ചൂടാക്കാം.
ശേഷം ഇത് ചൂടാറാൻ വയ്ക്കുക. തണുത്താൽ നല്ല അരിപ്പ ഉപയോഗിച്ച് അരിച്ച് എടുക്കാം. ഇനി ഒരു പാത്രത്തിൽ അൽപ്പം വെള്ളം എടുത്ത് ചൂടാക്കാം. ഇതിലേക്ക് ഒരു സ്പൂൺ തേയില ഇട്ട് നന്നായി തിളപ്പിക്കുക. ഇനി വീണ്ടും ഇരുമ്പ് ചട്ടിയെടുത്ത് അതിലേക്ക് ഹെന്ന പൗഡർ, മൂന്ന് സ്പൂൺ നീലയമരി, ചക്കക്കുരു പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇത് നന്നായി ചൂടായ ശേഷം അൽപ്പം തേയില വെള്ളം ഒഴിച്ച് കൊടുക്കാം. പേസ്റ്റ് രൂപത്തിൽ ആകുന്നതുവരെ വേണം വെള്ളം ഒഴിച്ച് കൊടുക്കാൻ.
ഇനി ഈ പേസ്റ്റ് രണ്ട് മണിക്കൂർ നേരം അടച്ചുവയ്ക്കുക. ഇനി ഉപയോഗിക്കാം. തലേ ദിവസം ഈ മിശ്രിതം ഉണ്ടാക്കി രാവിലെ തലയിൽ തേയ്ക്കുന്നതും നന്നാകും. ഈ ഡൈ തലയിൽ തേയ്ക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. എണ്ണമയം ഒട്ടും ഇല്ലാത്ത മുടിയിൽ വേണം ഈ ഡൈ തേയ്ക്കാൻ.