ഗോരഖ്പൂരിലെ ഹാർപൂർ ബുധാത് പ്രദേശത്ത് നിന്നുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു യുവാവ് രാവിലെ ഒരു യുവതിയേയും വൈകുന്നേരം മറ്റൊരു യുവതിയേയും വിവാഹം കഴിച്ചു.(A young man married one young woman in the morning and another young woman in the evening.)
നാല് വർഷമായി ഇയാൾ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നത്രെ. ആ പെൺകുട്ടിയെയാണ് ഇയാൾ രാവിലെ വിവാഹം കഴിച്ചത്. എന്നാൽ, അതേ ദിവസം വൈകുന്നേരം തന്നെ തന്റെ കുടുംബം തനിക്ക് വേണ്ടി കണ്ടെത്തിയ പെൺകുട്ടിയേയും ഇയാൾ വിവാഹം ചെയ്തു.
രണ്ടാമത്തെ വിവാഹത്തെ കുറിച്ച് അറിഞ്ഞ ഇയാളുടെ കാമുകി കൂടിയായിരുന്ന പെൺകുട്ടി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവാവുമായി നാല് വർഷമായി പ്രണയത്തിലായിരുന്നു എന്നും രണ്ട് തവണ അബോർഷനിലൂടെ കടന്നുപോയി എന്നും യുവതി പൊലീസിനോട് പറഞ്ഞു. വീണ്ടും ഗർഭിണിയായപ്പോൾ ഒരു നഴ്സിംഗ് ഹോമിലേക്ക് കാമുകൻ താനുമായി ചെന്നു. പ്രസവശേഷം കുഞ്ഞിനെ അയാൾ ആശുപത്രിയിലെ ഒരു നഴ്സിന് കൈമാറി എന്നും യുവതി പൊലീസിൽ അറിയിച്ചു.
യുവാവിന്റെ വീട്ടുകാർ മറ്റൊരു സ്ത്രീയുമായി അയാളുടെ വിവാഹം ഉറപ്പിച്ചിരുന്നത് അറിഞ്ഞപ്പോൾ അവൾക്ക് ദേഷ്യം വന്നു. അവനെ ചോദ്യം ചെയ്തപ്പോൾ, കോർട്ട് മാര്യേജ് ആണെങ്കിൽ തങ്ങളുടെ ബന്ധം വീട്ടുകാർ അംഗീകരിക്കും എന്ന് ഇയാൾ യുവതിക്ക് വാക്ക് നൽകി. എന്നാൽ, വീട്ടുകാർ അയാളുടെ വിവാഹം നിശ്ചയിച്ച അതേ തീയതിയാവും അയാൾ തന്നെയും വിവാഹം കഴിക്കുക എന്ന് യുവതിക്ക് അറിയില്ലായിരുന്നു.
രാവിലെ യുവാവ് യുവതിയെ വിവാഹം ചെയ്തു. ക്ഷേത്രത്തിൽ വച്ചും വിവാഹച്ചടങ്ങുകൾ നടന്നു. രാത്രിയിൽ വീട്ടുകാർ തീരുമാനിച്ച പ്രകാരം മറ്റൊരു യുവതിയെ ഇയാൾ പരമ്പരാഗതരീതിയിൽ വിവാഹം ചെയ്യുകയായിരുന്നു.
രാവിലെ വിവാഹം കഴിച്ച കാമുകി ഇയാളുടെ വീട്ടിലെത്തിയപ്പോൾ യുവാവിന്റെ വീട്ടുകാർ തന്നെ അപമാനിച്ചുവെന്നും വീടിന് പുറത്താക്കി എന്നും യുവതി ആരോപിക്കുന്നു. പരാതി ലഭിച്ചതായും യുവതി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ ശ്രീവാസ്തവ പറഞ്ഞു.