ബിജെപിയുടെ സംസ്ഥാന കാര്യാലയമായ തിരുവനന്തപുരത്തെ പുതിയ കെട്ടിടമായ മരാര്‍ജി ഭവനില്‍ സംസ്ഥാന അധ്യക്ഷന്റെ മുറിക്ക് അടുത്തായി ഒരു മുറി തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ ബിജെപി മുഖ്യമന്ത്രിയ്ക്കായാണ് ആ മുറി ഒരുക്കിയിരുന്നത്. ആ ലക്ഷ്യത്തിലേക്കുളള യാത്രയിലെ ആദ്യ ചുവട് വയ്പായിട്ടാണ് രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി നിയമിച്ചുകൊണ്ട് കേന്ദ്രനേതൃത്വം കാണുന്നത്.
മികച്ച ടെക്‌നോക്രാറ്റ്, മൂന്ന് തവണ രാജ്യസഭയില്‍, മോദി മന്ത്രിസഭയില്‍ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സിന്റെയും നൈപുണ്യ വികസനത്തിന്റെയും സഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദവും കംപ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തര ബിരുദവുമാണ്.
2 പതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബിജെപി നേതാവെന്ന പ്രത്യേകതയുമുണ്ട്.
വ്യോമസേനാ ഉദ്യോഗസ്ഥനായ എം.കെ.ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964ല്‍ അഹമ്മദാബ്ദിലാണു രാജീവിന്റെ ജനനം. കര്‍ണാടകയില്‍നിന്നാണു കേരളത്തിലേക്കുള്ള വരവ്. തൃശൂര്‍ കൊണ്ടയൂരിലാണ് അമ്മവീട്. ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994ല്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതികവളര്‍ച്ചയുടെ സഹയാത്രികനായി.
2005ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വിപുലമാക്കി. ഏഷ്യാനെറ്റില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് സ്വന്തമാക്കി. അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിലെയും പ്രധാന ഇന്‍വെസറ്റര്‍ ജൂപ്പിറ്റര്‍ ക്യാപിറ്റലാണ്.
രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ നേമം നിയോജകമണ്ഡലത്തില്‍ നിന്നും അദ്ദേഹം മത്സരിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി പരാമവധി സീറ്റ് നേടുകയായിരിക്കും ബിജെപി ലക്ഷ്യം. വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും 2026 ലെ നിയമസഭാതെരഞ്ഞെടുപ്പുമാണ് രാജീവ് ചന്ദ്രശേഖറിന്റെ മുന്നിലുളള ആദ്യവെല്ലുവിളി