സൂപ്പര്‍താരം മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ഡിസ്‌നി മുന്‍ ഹെഡ് മാധവനുമൊത്തായിരുന്നു അദ്ദേഹം ശബരിമലയിലെത്തിയത്. തടസങ്ങള്‍ മാറി എമ്പുരാന്‍ മാര്‍ച്ച് 27ന് തീയറ്ററുകളില്‍ എത്തുന്നതിന് മുന്നോടിയാണ് ദര്‍ശനം. ശബരിമലയിലെത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പമ്പയില്‍ എത്തിയ മോഹന്‍ലാലിനെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ചു.

പമ്പയില്‍ നിന്നു കെട്ടുനിറച്ചാണ് അദ്ദേഹം മലകയറിയത്. ശബരിമല തിരുനടയില്‍ അദ്ദേഹം കാണിക്ക അര്‍പ്പിച്ചു. ഭാര്യയുടെ പേരില്‍ അര്‍ച്ചന നടത്തി. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ആരോഗ്യത്തിനായി ഉഷപൂജയും കഴിപ്പിച്ചു. മുഹമ്മദ് കുട്ടിക്കായി വിശാഖം നക്ഷത്രത്തിലാണ് അദ്ദേഹം പൂജ നടത്തിയത്.

സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ‘എമ്പുരാന്‍’ പ്രമോഷന്റെ ഭാഗമായി സിനിമയുടെ ചിത്രീകരണത്തില്‍ നിന്നു ഇടവേള എടുത്തിരിക്കുകയാണ് മോഹന്‍ലാല്‍.