ഫ്ലോറിഡ (Florida) : സുനിത വില്യംസും ബുച്ച് വില്‍മോറും അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തിരികെ ഭൂമിയിലെത്തിയതിന്റെ ആഹ്ളാദത്തിലാണ് ശാസ്ത്രലോകം. ബഹിരാകാശ ദൗത്യത്തിന് സുനിതയ്ക്കും വില്‍മോറിനും എത്രരൂപ പ്രതിഫലം ലഭിക്കുമെന്നതും പൊതുസമൂഹത്തില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ബഹിരാകാശ യാത്രികര്‍ക്ക്, ഓവര്‍ടൈം ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെ സ്റ്റാന്‍ഡേര്‍ഡ് ശമ്പളം മാത്രമാണ് ലഭിക്കുന്നതെന്ന് നാസ ബഹിരാകാശ യാത്രിക കാഡി കോള്‍മാന്‍ പറയുന്നു.
പ്രതിദിനം ചെറിയ തുകയാണ് ശമ്പളമായി ലഭിക്കുന്നത്. തനിക്ക് ഇത് ദിവസം നാല് യു എസ് ഡോളറായിരുന്നു. ബിസിനസ് യാത്രയില്‍ ഏതൊരു ഫെഡറല്‍ ജീവനക്കാരന് ലഭിക്കുന്നതുപോലെയുള്ള ശമ്പളമാണ് ബഹിരാകാശയാത്രികര്‍ക്കും ലഭിക്കുന്നത്. ഓവര്‍ടൈം ആനുകൂല്യമൊന്നുമില്ല. അവരുടെ ഗതാഗതം, താമസം, ഭക്ഷണം തുടങ്ങിയവ നാസയാണ് കൈകാര്യം ചെയ്യുന്നത്. അഭിമുഖത്തില്‍ കോള്‍മാന്‍ പറഞ്ഞു.
നാസയില്‍ ശമ്പള സ്‌കെയിലില്‍ ഉയര്‍ന്ന റാങ്കായ ജി എസ്-15 ലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പെടുന്നത്. generalschedule.org യുടെ വിവരങ്ങള്‍ പ്രകാരം, അവരുടെ അടിസ്ഥാന ശമ്പളം പ്രതിവര്‍ഷം 125,133 മുതല്‍ 162,672 യുഎസ് ഡോളര്‍ (ഏകദേശം 1.08 കോടി മുതല്‍ 1.41 കോടി രൂപ) വരെയാണ്. രണ്ടുപേരുടെയും ശരാശരി ശമ്പളം 93,850 യുഎസ് ഡോളര്‍ മുതല്‍ 122,004 യുഎസ് ഡോളര്‍ (ഏകദേശം 81 ലക്ഷം മുതല്‍ 1.05 കോടി രൂപ വരെ) ആണ്. 1,148 യുഎസ് ഡോളര്‍ യാത്രാബത്ത കൂടി ചേര്‍ത്താല്‍, അവരുടെ മൊത്തം വരുമാനം 94,998 യുഎസ് ഡോളറിനും 123,152 യുഎസ് ഡോളറിനും (ഏകദേശം 82 ലക്ഷം മുതല്‍ 1.06 കോടി രൂപ വരെ ) ഇടയില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.