എറണാകുളം (Eranakulam) : സ്വർണ വില വീണ്ടും റെക്കോർഡ് ഉയരത്തിൽ സംസ്ഥാനത്ത് കുതിച്ചു കയറി. പവന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണം പവന് 66,000 എന്ന റെക്കോർഡ് നിലയിൽ എത്തി.
ഇന്നലെ സ്വർണവിലയിൽ നേരിയ കുറവ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുതിച്ച് ചാട്ടം. ഗ്രാമിന് ഒറ്റയടിക്ക് 40 രൂപയുടെ വർദ്ധനവ് ആണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ സ്വർണം ഗ്രാമിന് 8250 രൂപയായി. പവന് 66,000 ആയതോടെ ഇനി മുതൽ ഒരു പവൻ സ്വർണം വാങ്ങാൻ 70,000 ലധികം രൂപ മുടക്കണം.
ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് സ്വർണ വില റെക്കോർഡ് ഉയരത്തിൽ എത്തുന്നത്. ഇക്കഴിഞ്ഞ 14 ന് ആയിരുന്നു സ്വർണം വീണ്ടും റെക്കോർഡ് ഭേദിച്ചത്. ഇതിന് ശേഷം ഇന്നലെ സ്വർണ വില നേരിയ തോതിൽ കുറയുകയായിരുന്നു. തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് 65,680 രൂപ എന്ന നിരക്കിൽ എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഒറ്റയടിയ്ക്ക് 320 രൂപ വർദ്ധിക്കുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഉണ്ടായ മാറ്റമാണ് കേരളത്തിലെ വിപണിയെയും സ്വാധീനിച്ചിരിക്കുന്നത്. ഹമാസ്- ഇസ്രായേൽ, റഷ്യൻ യുക്രെയ്ൻ സംഘർഷങ്ങളെ തുടർന്നാണ് ആഗോള വിപണിയിൽ സ്വർണ വില ഉയരുന്നതിന് കാരണം ആയത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ആളുകൾ പ്രാധാന്യം നൽകാൻ ആരംഭിച്ചത് വില കുതിച്ചുയരുന്നതിന് കാരണം ആയി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര രംഗത്തെ പരിഷ്‌കരണങ്ങളും സ്വർണ വിലയിലെ മുന്നേറ്റത്തിന് കാരണം ആയിട്ടുണ്ട്.