കൊച്ചി: പോലീസിനെ പോലും ഞെട്ടിച്ച് കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെന്‍സ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി പോലീസ് പരിശോധനയ്‌ക്കെത്തിയത്. കുട്ടികളില്‍ നിന്നോ ഒന്നോ രണ്ടോ പാക്കറ്റ് പിടിച്ചെടുക്കുകയായിരുന്നു ഉദ്ദേശം. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഹോളി ആഘോഷിക്കാനായി കിലോക്കണക്കിന് കഞ്ചാവ് എത്തിച്ചിട്ടുണ്ട്.
ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച മിന്നല്‍ പരിശോധന പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. പോലീസ് നടത്തിയ പരിശോധനക്കിടെ കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ടതോടെ മൂന്ന് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഞ്ചാവ് എത്തിച്ച് നല്‍കിയത് ആരെന്ന് കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു.്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കും. തൃക്കാക്കര എസിപിയുടേയും, നാര്‍ക്കോട്ടിക് സെല്‍ വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.