പത്തനംതിട്ട: സമ്മേളന വേദിയില്‍ നിന്നുള്ള ഇറങ്ങിപ്പോയി ഫേസ്ബുക്ക് പോസ്റ്റിട്ട മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരേ പാര്‍ട്ടിനടപടിക്ക് സാധ്യത. പത്തനംതിട്ട ജില്ലാക്കമ്മറ്റി ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും. എന്നാല്‍ താന്‍ പാര്‍ട്ടി വിടില്ലെന്നും നടപടിയെ ഭയക്കുന്നില്ലെന്നും പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നുമാണ് പത്മകുമാര്‍ എടുത്തിരിക്കുന്ന നിലപാട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ നീരസം തുറന്ന് പറയുന്നുമുണ്ട്. എന്നാല്‍ പത്മകുമാറിനെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. ബ്രാഞ്ച് തലത്തില്‍ പ്രവര്‍ത്തിക്കണമെന്ന് പത്മകുമാര്‍ പറഞ്ഞതെന്ന് രാജു എബ്രഹാം അറിയിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്നേക്കാള്‍ വീണാജോര്‍ജ്ജിന് പരിഗണന എന്ന സൂചന കൂടി നല്‍കിയാണ് പത്മകുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്തിയതിന്റെ നിരാശ മുന്‍ എം.എല്‍.എ എ. പത്മകുമാര്‍ മറച്ചു വച്ചില്ല. ‘ചതിവ്..വഞ്ചന…അവഹേളനം…52 വര്‍ഷത്തെ ബാക്കി പത്രം…ലാല്‍സലാം ‘ എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. തന്റെ 52 വര്‍ഷത്തെ സേവനത്തേക്കാള്‍ വീണാജോര്‍ജ്ജിന്റെ 9 വര്‍ഷത്തെ പരിചയത്തിനാണ് കൂടുതല്‍ പരിഗണന കിട്ടുന്നതെന്നും പ്രായപരിധിക്ക് കാത്തുനില്‍ക്കാതെ 66 ല്‍ തന്നെ എല്ലാം ത്യജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.