കെ.ആര്‍.അജിത
മൂന്നാം വയസ്സില്‍ കാലില്‍ ചിലങ്കയും സംഗീതത്തിന്റെ മധുരവും നുണഞ്ഞ് ഇന്ന് ഭാരതരത്‌ന മദര്‍ തെരേസ സ്വര്‍ണ്ണമെഡല്‍ നേടി സര്‍ഗ്ഗ ജീവിതത്തിന്റെ നെറുകയിലാണ് ലക്ഷ്മി എസ് മേനോന്‍. ഈ വനിതാ ദിനത്തില്‍ സംഗീതം കൊണ്ടും നൃത്തം കൊണ്ടും കലയെ ഉപാസിച്ച ലക്ഷ്മി തന്റെ കലാ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുന്നു. പെരിയാറിന്റെ തീരത്ത് അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകന്‍ ശങ്കരാചാര്യരുടെ മണ്ണില്‍ നിന്നും കലയുടെ ശ്രേഷ്ഠതയില്‍ മുന്നോട്ടു നീങ്ങുന്ന ലക്ഷ്മി എസ് മേനോന്‍ പിന്നിട്ട വഴികള്‍ ഒട്ടും സുഖദമായിരുന്നില്ല. മൂന്നാം വയസ്സില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഹരിശ്രീ കുറിപ്പിച്ചത് കാലടി മാണിക്യമംഗലം ശിവ കൃഷ്ണന്‍ മാസ്റ്റര്‍ ആയിരുന്നു. നാലുവര്‍ഷത്തോളം അവിടെ സംഗീതം പഠിച്ച കുഞ്ഞു ലക്ഷ്മി പിന്നീട് പെരുമ്പാവൂര്‍ രാജലക്ഷ്മി ടീച്ചറുടെ ശിഷ്യയായി സംഗീത പഠനം തുടര്‍ന്നു. രാജലക്ഷ്മി ടീച്ചറിന്റെ കീഴില്‍ നിന്നും വീണയും കലഞ്ഞൂര്‍ ഡി. വിശ്വനാഥന്‍ മാസ്റ്ററുടെ കീഴില്‍ നിന്നും വയലിനും അഭ്യസിച്ചു. അതോടൊപ്പം മൂന്നാം വയസ്സില്‍ തന്നെ പെരുമ്പാവൂരില്‍ ഉള്ള കലാമണ്ഡലം സുമതി ടീച്ചറുടെ കീഴില്‍ ഭരതനാട്യവും, മോഹിനിയാട്ടവും, കുച്ചുപ്പുടിയും സ്വായത്തമാക്കി.

രാജലക്ഷ്മി ടീച്ചറുടെ നിര്‍ദ്ദേശപ്രകാരം പ്രീഡിഗ്രിക്ക് സംഗീതം ഐച്ഛിക വിഷയമാക്കി എടുത്ത് തിരുവനന്തപുരം
വിമന്‍സ് കോളേജില്‍ പഠനം തുടങ്ങി.. പ്രശസ്ത സംഗീതജ്ഞ ഡോ. ഓമനക്കുട്ടി ടീച്ചര്‍, ആലപ്പി ശ്രീകുമാര്‍ എന്നിവരുടെ കീഴില്‍ സംഗീതം അഭ്യസിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് ലക്ഷ്മി പറയുന്നു. ഡിഗ്രിക്ക് സംഗീതം തന്നെ പഠിക്കാന്‍ ആഗ്രഹിച്ച ലക്ഷ്മിക്ക് സ്വന്തം നാട്ടിലെ
പ്രശസ്തമായ എറണാകുളം മഹാരാജാസില്‍ തന്നെ പഠിക്കാന്‍ കഴിഞ്ഞു. ബി എ മ്യൂസിക്ക് രണ്ടാം റാങ്കോടെ വിജയിച്ചതും തുടര്‍ന്ന് തൃപ്പൂണിത്തറ ആര്‍ എല്‍ വി കോളേജില്‍ സംഗീതം ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നു. ഒന്നാം വര്‍ഷം പിന്നിട്ടപ്പോഴേക്കും ലക്ഷ്മിക്ക് കാഞ്ഞൂര്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളില്‍ സംഗീത- നൃത്ത അധ്യാപികയായി ജോലിയും ലഭിച്ചു.

പി ഇ സുബ്രഹ്‌മണ്യമേനോന്റെയും ഇന്ദിര എസ് മേനോന്റെയും ഏക മകളായ ലക്ഷ്മിയെ നൃത്തവും സംഗീതവും അഭ്യസിപ്പിക്കാന്‍ തന്നെ കാരണം അമ്മ ഇന്ദിരയുടെ ആഗ്രഹവും നിശ്ചയദാര്‍ഢ്യവുമാണ്. അമ്മ ഇന്ദിരയ്ക്ക് സംഗീതവും നൃത്തവും അഭ്യസിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു കുട്ടിക്കാലത്ത് ഉണ്ടായിരുന്നത്. ലക്ഷ്മിയെ സംഗീതവും നൃത്തവും അഭ്യസിപ്പിക്കുന്നതിനു രാപ്പകകലില്ലാതെ ആ അമ്മ സംഗീത – നൃത്ത ക്ലാസുകളിലേക്കുള്ള യാത്രകളിലായിരുന്നു. കാഞ്ഞൂര്‍ സ്‌കൂളിലെ ജോലിയോടൊപ്പം തിരുവനന്തപുരം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മ്യൂസിക്കല്‍ കറസ്‌പോണ്ടന്‍സ് ആയി സം?ഗീതത്തില്‍ ബിരുദാനന്തര ബിരുദം രണ്ടാം റാങ്കോടെ ലക്ഷ്മി പൂര്‍ത്തിയാക്കി. തുടര്‍ന്ന് കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ സംഗീതത്തില്‍ എം ഫില്‍ ചെയ്തു. അവിടെത്തന്നെ യുപി സ്‌കൂള്‍ കുട്ടികളില്‍ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്നത് കൊണ്ട് അവര്‍ക്കുണ്ടാകുന്ന സൈക്കോ സോഷ്യല്‍ ഇംപാക്ട് എന്ന വിഷയത്തില്‍ പി എച്ച് ഡി യും നേടി. 2021 ലാണ് ലക്ഷ്മിക്ക് ഡോക്ടറേറ്റ് കിട്ടുന്നത്. ഡോ. പ്രീതി കെ. യുടെ കീഴില്‍ നിന്നാണ് സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയത് . നൃത്തവും സംഗീതവും യാത്രകളും ജീവിതത്തിന് നിറം പകരുന്ന അനുഭൂതിയാണ് ലക്ഷ്മിക്ക്.
പെരുമ്പാവൂരില്‍ കലാമണ്ഡലം സുമതി ടീച്ചറുടെ കീഴില്‍ മൂന്ന് വയസ്സില്‍ നൃത്ത പഠനത്തിന് ചേര്‍ന്ന ലക്ഷ്മി, ആ കാലത്ത് ബസ്സുകള്‍ വേണ്ടത്ര ഇല്ലാതിരുന്ന സമയത്ത് രാത്രി വളരെ വൈകിയാണ് വീട്ടിലെത്തുക. അമ്മ എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു എന്ന് പറയുമ്പോള്‍ ലക്ഷ്മിയുടെ കണ്ഡമിടറി. മകളിലെ കലാകാരിയെ ലോകം അറിയുന്ന തരത്തിലേക്ക് കൊണ്ടെത്തിക്കാന്‍ ആ അമ്മയുടെ കഷ്ടപ്പാടാണ് ഇന്ന് ലക്ഷ്മിയെ തേടിയെത്തിയ ഭാരതരത്‌ന മദര്‍ തെരേസ സ്വര്‍ണ്ണ മെഡല്‍. ഇന്ത്യയിലെ തന്നെ കലാരംഗത്തെ മികവിന് വനിതകള്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് ഭാരതരത്‌ന മദര്‍ തെരേസ അവാര്‍ഡ്. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തും കോളേജ് വിദ്യാഭ്യാസ കാലത്തും ലളിതഗാനം, പദ്യപാരായണം, പ്രച്ഛന്നവേഷം ,ഭരതനാട്യം, മോഹിനിയാട്ടം കുച്ചുപ്പുടി തുടങ്ങി നിരവധി മത്സര ഇനങ്ങളില്‍ വിജയിച്ച് കലാതിലക പട്ടമണിഞ്ഞു.എം.ജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ‘നിനവ് 2003’ ല്‍ മലയാളം പദ്യം ചൊല്ലല്‍ ഒന്നാം സ്ഥാനവും ശാസ്ത്രീയ സംഗീതം രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ലക്ഷ്മി.
ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദവും അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്നും നട്ടുവാങ്കകലൈമണിപട്ടവും സ്വന്തമാക്കി. നാളത്തെ സംഗീത വിദ്യാര്‍ത്ഥികള്‍ക്കും സംഗീത തല്‍പ്പരര്‍ക്കും വേണ്ടി ഭക്തിയും സംഗീതവും എന്ന പുസ്തകവും ലക്ഷ്മി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുഹൃത്തും ജന്മഭൂമി പത്രത്തിന്റെ ഡിസൈനറായിരുന്ന എ.ആര്‍. പ്രവീണിന്റെ നിര്‍ദ്ദേശപ്രകാരം ജന്മഭൂമിയില്‍ പരമ്പരയായി കൊടുത്ത ലേഖനമാണ് പുസ്തകരൂപത്തില്‍ പിന്നീട് പ്രസിദ്ധീകരിച്ചത്. ഓള്‍ ഇന്ത്യ റേഡിയോയിലെ ബി ഹൈ ആര്‍ട്ടിസ്റ്റ് കൂടിയാണ് ലക്ഷ്മി. റേഡിയോ ആസ്വാദകരുടെ പ്രിയ പരിപാടിയായ ലളിതഗാന പാഠത്തില്‍ നമ്മള്‍ കേട്ടുകൊണ്ടിരുന്നത് ലക്ഷ്മിയുടെ ശബ്ദമായിരുന്നു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കച്ചേരികളും നൃത്ത പരിപാടികളുമായി ഇന്നും സജീവമാണ് ലക്ഷ്മി. 5 പ്രധാന ശിവക്ഷേത്രങ്ങളില്‍ ചെന്നിരുന്ന് മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച കൃതികളാണ് പഞ്ചലിംഗ സ്ഥല കൃതികള്‍. തൃപ്പൂണിത്തുറയില്‍ ഒരു ക്ഷേത്രത്തില്‍ പഞ്ചലിംഗസ്ഥല കൃതികള്‍ ആലപിച്ചത് ജന്മസാഫല്യ നിര്‍വൃതിയാണ് ലക്ഷ്മിക്ക്. ഏതു നൃത്തഭാഷയും പെട്ടന്ന് സ്വായത്തമാക്കുന്ന ലക്ഷ്മി ഒരു വര്‍ഷമായി ഒഡിസിയും പഠിക്കുന്നു. ഒഡിസിയും അടുത്തിടെ അരങ്ങിലെത്തിച്ചു. മാണിക്യമംഗലത്ത് പ്രവര്‍ത്തിക്കുന്ന ആദിത്യ നൃത്ത സംഗീത വിദ്യാലയത്തിന് മേല്‍നോട്ടം വഹിക്കുന്നു.

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ കലാ വിദ്യാഭ്യാസ പാഠപുസ്തക നിര്‍മ്മാണ സമിതിയിലെ അംഗമാണ് ലക്ഷ്മി. നാട്ടിലും വിദേശത്തും ഒട്ടേറെ ശിഷ്യഗണങ്ങള്‍ ഉള്ള ലക്ഷ്മിക്ക് പൂര്‍ണ്ണ പിന്തുണയേകി ഭര്‍ത്താവ് രജീഷ് രാമകൃഷ്ണനും മക്കളായ ആദിത്യ രജീഷ്, അര്‍ജുന്‍ രജീഷ് കലാപ്രവര്‍ത്തനത്തിന് ഒപ്പം ചേര്‍ന്നു നില്‍ക്കുന്നു. IMPACT OF MUSIC TRAINING ON THE PSYCHO-SOCIAL DEVELOPMENT AN EXPERIMENTAL STUDY ON UPPER PRIMERY SCHOOL STUDENTS എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പണിപ്പുരയിലാണ് ലക്ഷ്മി. കൃഷ്ണ നീ ബേഗനേ… ബാരോ…. കൃഷ്ണന്റെ ആരാധികയായ ലക്ഷ്മിയില്‍ നിന്നും ഒരു മൂളിപ്പാട്ടായി ഒഴുകിയെത്തി….