
നാലര പതിറ്റാണ്ടിലേറെയായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് മമ്മൂട്ടി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായി നായകനായും വില്ലനായും സഹനടനായും അതിഥി താരമായുമൊക്കെ 400ൽ പരം ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ നായികമാരായി എത്തിയവരുടെ ലിസ്റ്റെടുത്താൽ അതിൽ ലോകസുന്ദരി ഐശ്വര്യാറായ് മുതലിങ്ങോട്ട് എണ്ണിയാൽ ഒടുങ്ങാത്ത നിരവധി പേരുണ്ട്. എന്നാൽ, അക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന രണ്ടുപേരുണ്ട്, ഒരു അമ്മയും മകളും. ഇരുവരും മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട് എന്നതാണ് കൗതുകം.

ഒരു നടൻ തന്റെ സിനിമാ ജീവിതത്തിൽ അമ്മയുടെയും മകളുടെയും നായകനായി സ്ക്രീനിലെത്തുക എന്നത് വളരെ അപൂർവ്വമായ ഒന്നാണ്. ആ അപൂർവ്വത പങ്കിടുന്ന അമ്മയും മകളും ആരെന്നറിയാമോ?
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരായിരുന്ന ലക്ഷ്മിയും ഐശ്വര്യ ഭാസ്‌കറുമാണ് അത്തരമൊരു അപൂർവ്വത പങ്കിടുന്ന അമ്മയും മകളും.

‘ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ,’ ‘നദി മുതൽ നദി വരെ,’ ‘അമേരിക്ക അമേരിക്ക തുടങ്ങിയ സിനിമകളിലാണ് ലക്ഷ്മി മമ്മൂട്ടിയുടെ ജോഡിയായി അഭിനയിച്ചത്.

ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ ഭാസ്കർ എന്നറിയപ്പെടുന്ന ശാന്തമീന. അമ്മയുടെ വഴിയെ അഭിനയരംഗത്തേക്ക് എത്തിയ ഐശ്വര്യ നിരവധി മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെയെല്ലാം നായികയായി എത്തിയ ഐശ്വര്യ മമ്മൂട്ടിയുടെ നായികയാവുന്നത് ‘ജാക്ക്പോട്ട്’ എന്ന ചിത്രത്തിലാണ്.

‘ചട്ടക്കാരി’ എന്ന ചിത്രത്തിലൂടെയായിരുന്നു ലക്ഷ്മി മലയാളത്തിലേക്ക് എത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ ആയിരുന്നു ലക്ഷ്മിയുടെ ആദ്യഭർത്താവ്. ആ ബന്ധത്തിലുള്ള മകളാണ് ഐശ്വര്യ.

പിന്നീട് ആ ബന്ധം അവസാനിപ്പിച്ച ലക്ഷ്മി നടന്‍ മോഹന്‍ ശര്‍മ്മയെ വിവാഹം കഴിച്ചു. ആ ബന്ധവും വിവാഹമോചനത്തിൽ അവസാനിച്ചു. പിൽക്കാലത്ത് നടന്‍ ശിവചന്ദ്രനെയും ലക്ഷ്മി വിവാഹം കഴിച്ചിരുന്നു.

ബട്ടര്‍ഫ്‌ളൈസ്, നരസിംഹം, സത്യമേവ ജയതേ, പ്രജ, ദ ഫയർ, അഗ്നിനക്ഷത്രം, നോട്ട്ബുക്ക് തുടങ്ങിവയാണ് ഐശ്വര്യ ഭാസ്കറിന്റെ മറ്റു മലയാളചിത്രങ്ങൾ.