തലശ്ശേരി: വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എളേറ്റില്‍ വട്ടോളി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ 12.30 ന് മരണമടയുകയായിരുന്നു. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഷഹബാസ് ചികിത്സയിലായിരുന്നു.
സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി. സംഭവം പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രമായി അന്വേഷിക്കാനൊരുങ്ങുകയാണ്. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു. ഇവരെ ഇന്ന് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നെഞ്ചക്ക് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഷഹബാസിന്റെ തലയ്ക്ക് ഇത് ഉപയോഗിച്ച് ശക്തമായി അടിച്ചതായും വിവരമുണ്ട്. ആക്രമിക്കാന്‍ മുതിര്‍ന്നവരും ഉണ്ടായിരുന്നതായി കൂട്ടുകാര്‍ വ്യക്തമാക്കിയതായി ഷഹബാസിന്റെ മാതാവ് റംസീന പറഞ്ഞു.