കോട്ടയം: എൻഡിഎ ഘടകക്ഷിയായ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തൃണമൂൽ കോൺഗ്രസ് ചേർന്നു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പിവി അൻവർ ആണ് സജി മഞ്ഞക്കടമ്പിലിനെയും അനുയായികളെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്. റബ്ബർ കർഷകർ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച വിഷയം തൃണമൂൽ കോൺഗ്രസ് ഏറ്റെടുക്കുമെന്ന് ദേശീയ നേതൃത്വം സജി മഞ്ഞക്കടമ്പിലിന് ഉറപ്പുനൽകിയതായി പിവി അൻവർ അറിയിച്ചു.
യുഡിഎഫ് വിട്ടപ്പോൾ എൽഡിഎഫിൽ ചേരാൻ കഴിയാത്തതുകൊണ്ടാണ് എൻഡിഎയിൽ ചേർന്നതെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. എന്നാൽ എൻഡിഎയിൽ തനിക്ക് പരിഗണിച്ചില്ല. റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതും വന്യജീവി ആക്രമണത്തിൽനിന്ന് കർഷകരെ രക്ഷിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്രസർക്കാരിന് മുന്നിലെത്തിക്കാൻ എൻഡിഎ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.