Friday, February 28, 2025

ശിവരാത്രി വ്രതം; ഫലങ്ങൾ അനേകം…

Must read

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനമായ വ്രതാനുഷ്ഠാനമാണ് ശിവരാത്രി വ്രതം. ഉറക്കമിളച്ചു അനുഷ്ഠിക്കേണ്ട വ്രതം എന്ന പ്രത്യേകതയും ഉണ്ട്. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം.

കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ഈ വ്രതാനുഷ്ഠാനം. 2025 ഫെബ്രുവരി 26 ബുധനാഴ്ചയാണ് ശിവരാത്രി വരുന്നത്. തലേന്നുമുതൽ ഒരിക്കലോടെ വ്രതം ആരംഭിക്കണം. ശിവരാത്രിയുടെ തലേന്ന് പ്രദോഷവും വരുന്നു. അതായത് ശിവ പ്രീതികരമായ പ്രദോഷവും ശിവരാത്രിയും ഒരുമിച്ചു അനുഷ്ഠിക്കാവുന്ന ദിനങ്ങൾ.

ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിന്റെ പിന്നിലെ ഐതിഹ്യം
പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു ഭഗവാൻ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി.

വ്രതാനുഷ്ഠാനം എങ്ങനെ?
തലേന്ന് അതായത് പ്രദോഷദിനത്തിൽ ഒരിക്കലോടെ വ്രതം ആരംഭിക്കാം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. പകലുറക്കം, എണ്ണതേച്ചുകുളി, തലേന്നത്തെ ആഹാരം ഇവ അരുത്. ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ‘ഓം നമ: ശിവായ’ ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദർശനം നടത്തുക. നിർമ്മാല്യദർശനം അത്യുത്തമം. ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് അഭികാമ്യം. അതിനു സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ്. ആരോഗ്യ സ്ഥിതി അനുസരിച്ചു ആഹാരം ഉപേക്ഷിക്കാൻ സാധിക്കാത്തവർ ഒരിക്കലോടെ വ്രതം അനുഷ്ഠിക്കാം. അമിത ഭക്ഷണം ആവരുത്. ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്ന് നേദിച്ച വെള്ള നിവേദ്യം കഴിച്ചും വ്രതം അനുഷ്ഠിക്കാം. അന്നേദിവസം ശിവപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ് . അതിൽ ഏറ്റവും പ്രധാനമാണ് ദാനം. അന്നദാനമാണെങ്കിൽ അത്യുത്തമം. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം ജപിക്കാം. രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് പാരണ വിടാം. ശേഷം പകലുറക്കം പാടില്ല.

ശിവരാത്രി ദിനത്തിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ‌ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്ക്കരിക്കുന്നതും നന്ന്. ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു

See also  ഇന്നത്തെ നക്ഷത്രഫലം
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article