തിരുവനന്തപുരം (Thiruvananthapuram) : ‘പാങ്ങോടും പുല്ലമ്പാറയിലും പേരുമലയിലുമായി അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്. എല്ലാവരും മരിച്ചു കാണും’ സ്റ്റേഷനിലേക്കു നടന്നെത്തിയ ചെറുപ്പക്കാരന്‍ ഒരു ഭാവവ്യത്യാസമില്ലാതെ പറഞ്ഞപ്പോള്‍ പൊലീസുകാര്‍ക്ക് ആദ്യം വിശ്വാസമായില്ല. മനോദൗര്‍ബല്യമുള്ള യുവാവെന്നും ലഹരിക്ക് അടിമയെന്നുമെല്ലാമാണ് പൊലീസുകാര്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം നടത്തിയ അഫാന്‍ പറഞ്ഞ വീടുകളില്‍ പോയി പൊലീസുകാര്‍ അന്വേഷിച്ചപ്പോഴാണ് യുവാവ് പറഞ്ഞത് സത്യമാണെന്ന കാര്യം ബോധ്യമായത്.
അഫാന്‍ പറഞ്ഞ വീടുകളിലേക്ക് തിരക്കിയെത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് നിരന്നു കിടക്കുന്ന മൃതദേഹങ്ങളാണ്. പറഞ്ഞതിന്റെ പൊരുളറിയാന്‍ പൊലീസ് ഇറങ്ങുമ്പോള്‍, പൊലീസ് സ്റ്റേഷനില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു അഫാന്‍. പേരുമലയിലെ അവസാനത്തെ കൊലപാതകങ്ങള്‍ക്കുശേഷം നാലു കിലോമീറ്റര്‍ അകലെയുള്ള വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനു മുന്‍പില്‍ വൈകീട്ട് ആറോടെയാണ് അഫാന്‍ ഓട്ടോയിലെത്തിയത്.
ഓട്ടോ പറഞ്ഞയച്ചു സ്റ്റേഷനിലേക്കു കയറിയപ്പോള്‍ ആദ്യം കണ്ട പൊലീസുകാരനോടു വിവരം പറഞ്ഞു: ‘പാങ്ങോടും പുല്ലമ്പാറയിലും പേരുമലയിലുമായി അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്. എല്ലാവരും മരിച്ചു കാണും’- ഇതു കേട്ടപ്പോള്‍ മനോദൗര്‍ബല്യമുള്ള യുവാവെന്നും ലഹരിക്ക് അടിമയെന്നുമാണ് പൊലീസ് ആദ്യം കരുതിയത്.
അഫാനെ അകത്തേക്കു വിളിച്ചിരുത്തിയ പൊലീസുകാര്‍ കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും മറുപടിയില്‍ വ്യക്തതയുണ്ടായില്ല. ഇതോടെ പൊലീസ് സംഘം പേരുമലയിലെ വീട്ടിലേക്കു തിരിച്ചു. തന്നില്‍നിന്നു പൊലീസിന്റെ ശ്രദ്ധ മാറിയെന്നു മനസ്സിലായതോടെ കയ്യില്‍ കരുതിയ പൊതിയില്‍നിന്ന് അഫാന്‍ എലിവിഷമെടുത്തു കഴിച്ചു. പിന്നാലെ കുഴഞ്ഞുവീണു. പേരുമലയിലെ വീട്ടിലെത്തിയ പൊലീസിനു കാണാനായതു രണ്ടു മൃതദേഹങ്ങള്‍. അഫാന്റെ അനുജനും സുഹൃത്തും. ശ്വാസമുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ഉമ്മ ഷമിയെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി. ഇതിനുശേഷമാണു പാങ്ങോട്ടും പുല്ലമ്പാറയിലും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.
ആറു പേരും കൊല്ലപ്പെട്ടുവെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അഫാന്‍. കയ്യില്‍ എലിവിഷം കരുതി പൊലീസ് സ്റ്റേഷനിലെത്തിയത് അതുകൊണ്ടാണ്. എല്ലാവരുടെയും തലയ്ക്കാണ് അടിയേറ്റത്. പേരുമലയിലെ വീട്ടില്‍ ഉമ്മയെയും അനുജനെയും സുഹൃത്തിനെയും തലയ്ക്ക് അടിച്ച ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ടതും ആരും രക്ഷപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു. രാത്രിയില്‍ വീട്ടിലെത്തുന്ന പൊലീസോ, അയല്‍ക്കാരോ തീപ്പെട്ടിയുരച്ചാല്‍ വീടുള്‍പ്പെടെ കത്തുമെന്നായിരുന്നു യുവാവിന്റെ കണക്കുകൂട്ടല്‍ എന്നും പൊലീസ് പറയുന്നു.