തിരുവനന്തപരും: അഞ്ചു പേരുടെ ക്രൂരമായ കൊലപാതക സംഭവത്തില്‍ പ്രതി കൊലപ്പടുത്തണമെന്ന ഉദ്ദേശത്തോടെ ക്രൂരമായി ആക്രമിച്ച മാതാവ് ഷെമിയുടെ നില ആശുപത്രിയില്‍ ഗുരുതരമായി തുടരുന്നു. സംഭവത്തില്‍ കടബാദ്ധ്യതയാണ് കൊലപാതകത്തിന് കാരണമെന്ന പ്രതി അഫാന്‍ മൊഴി നല്‍കിയതെങ്കിലും ഷെമി മൊഴി നല്‍കുന്ന സ്ഥിതി ഉണ്ടായാല്‍ അതായിരിക്കും കേസില്‍ നിര്‍ണ്ണായകമാകുക.
അതേസമയം പ്രതി അഫാന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നിരുന്നാലും ചികിത്സയോട് അഫാന്‍ സഹകരിക്കുന്നില്ല. മരുന്ന് കുത്തിയ കാനൂല അടക്കം ഊരിക്കളഞ്ഞു. എലിവിഷം കഴിച്ചെന്ന് വ്യക്തമാക്കിയിരിക്കുന്നതിനാല്‍ പോലീസ് ജാഗ്രത തുടരുകയാണ്. പ്രതിയെ ചെസ്റ്റ് പെയിന്‍ യൂണിറ്റിലേക്ക് (സിപിയു) മാറ്റിയിട്ടുണ്ട്. എലിവിഷം കഴിച്ചതിനാല്‍ നിരീക്ഷണത്തില്‍ തുടരും. ആറ് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം എലി വിഷം കഴിച്ചാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
കുഴിമന്തിയില്‍ വിഷം ചേര്‍ത്ത് കഴിച്ചതെന്നാണ് അഫാന്‍ ഡോക്ടറോട് പറഞ്ഞത്. ചികിത്സയില്‍ തുടരുന്ന അഫാന്റെ മാനസീക നില അടക്കമുള്ള കാര്യം പരിശോധിക്കും. അഫാന്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ രക്ത പരിശോധനയും നടത്തിയേക്കും. കേസില്‍ തുടര്‍ നടപടികള്‍ പോലീസ് തുടങ്ങിയിരിക്കുകയാണ്. അഞ്ചുപേരുടെ കൊലപാതകങ്ങള്‍ നടന്ന മൂന്ന് സ്റ്റേഷന്‍ പരിധിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പോലീസ് രാവിലെ തുടങ്ങിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇന്ന് തന്നെ പോസ്റ്റുമാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം പ്രദേശവാസികളെയടക്കം ഞെട്ടിച്ചിരിക്കുകയാണ്. പെരുമലയിലെ വീട്ടിലേക്ക് പോലീസും മറ്റും വന്നപ്പോഴാണ് നാട്ടുകാരും ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരമറിഞ്ഞത് തന്നെ.