വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതില്‍ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ബെയ് ലി പാലം കടന്ന് തങ്ങളുടെ ഭൂമിയിൽ കുടിൽ കെട്ടാനുള്ള പ്രതിഷേധക്കാരുടെ നീക്കം പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി.
രാവിലെ 9 മണിയോടെ ദുരന്തബാധിതരായ ആളുകള്‍ തങ്ങളുടെ ഭൂമിയില്‍ കുടില്‍കെട്ടി പ്രതിഷേധിക്കാനെത്തിയപ്പോഴാണ് വൻ പോലീസ് സന്നാഹം ഇവരെ നേരിട്ടത്. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുരന്തബാധിതർ സമരത്തിനെത്തിയത്. ദുരന്തം ഉണ്ടായി ഏഴു മാസം പിന്നിടുമ്പോഴും മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നതിലും അപാകതകൾ ചൂണ്ടിക്കാട്ടിയാണ് കുടില്‍കെട്ടി സമരത്തിലേക്ക് കടന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. യാഥാർത്ഥ്യബോധത്തോടെയല്ല പുനരധിവസിപ്പിക്കേണ്ടവരുടെ ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. അർഹതപ്പെട്ട പലരെയും പട്ടികയിൽ തഴഞ്ഞു. ഉദ്യോഗസ്ഥർ വീട്ടിലിരുന്ന് തയാറാക്കിയതാണ് ഈ പട്ടികയെന്നും പ്രതിഷേധക്കാർ പറഞ്ഞു. പുത്തുമല പച്ചിലക്കാടില്‍ ലഭ്യമാകാത്ത വൈദ്യുതി കണക്ഷന്‍ മുണ്ടക്കൈയില്‍ ലഭ്യമാക്കിയതിന് പിന്നില്‍ സാമ്പത്തിക, വാണിജ്യ താത്പര്യങ്ങളാണെന്ന് സംശയിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.