തിരുവനന്തപുരം: തലസ്ഥാനത്ത് എൻജിനീയറിംഗ് വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റുമരിച്ചു. മിസോറാം സ്വദേശിയും നഗരൂർ രാജധാനി എൻജിനീയറിംഗ് കോളേജിലെ നാലാംവർഷ വിദ്യാർത്ഥിയുമായ വി എൽ വലന്റിയൻ എന്ന ഇരുപത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മിസോറാം സ്വദേശി തന്നെയായ ലംസംഗ് സ്വാലയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രി പതിനൊന്നുമണിയാേടെ കോളേജിന് സമീപത്തുവച്ചായിരുന്നു സംഭവം. കൂട്ടുകാരായ വിദ്യാർത്ഥികൾ ഒരുമിച്ച് മദ്യപിക്കാൻ പോയെന്നും തുടർന്ന് സംഘംചേർന്ന് തർക്കത്തിലേർപ്പെടുകയും വാക്കുതർക്കത്തിനൊടുവിൽ കുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ വലന്റിയനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.