കൊച്ചി (Kochi) : കൈക്കൂലി കേസിൽ എറണാകുളം ആർടിഒ ടി.എം. ജേഴ്സൺ പിടിയിലായപ്പോൾ കുപ്പിക്കണക്കാണു നാട്ടുകാർ ശ്രദ്ധിച്ചത്. അപേക്ഷ പാസാകണമെങ്കിൽ കൈക്കൂലിക്കൊപ്പം ‘കുപ്പി’യും നിർബന്ധം. (Ernakulam RTO T.M. in bribery case When Jerson was caught, the locals noticed the number of bottles. If the application is to be passed, the ‘bottle’ is mandatory along with the bribe.) ഇന്നലെയും ഇന്നുമായി നടന്ന റെയ്ഡിൽ വിജിലൻസ് സംഘം ജേഴ്സണിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തതു ചെറുതും വലുതുമായ 74 കുപ്പികൾ. ലക്ഷക്കണക്കിനു രൂപ വില വരുന്ന കുപ്പികളും കൂട്ടത്തിലുണ്ട്.
‘വിജിലൻസ് റെയ്ഡി’ന്റെ പേരിൽ ജേഴ്സൺ സഹപ്രവർത്തകരെ പറ്റിച്ചെന്നും വിവരമുണ്ട്. ജേഴ്സണിനെതിരെ വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനമടക്കമുള്ള കാര്യങ്ങളും വിജിലൻസ് അന്വേഷിക്കും. 50 ലക്ഷം രൂപ ജേഴ്സണിന്റെയും കുടുംബത്തിന്റെയും അക്കൗണ്ടിലുണ്ടെന്ന് ഇന്നലെ കണ്ടെത്തി. ഇന്നത്തെ പരിശോധന കഴിഞ്ഞതോടെ ഇത് 84 ലക്ഷം രൂപയാണെന്ന് വ്യക്തമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വന്തമാക്കിയിട്ടുള്ള വസ്തുവകകളുടെ രേഖകൾ പരിശോധിക്കുകയാണെന്നും വിജിലൻസ് വൃത്തങ്ങൾ വ്യക്തമാക്കി.
അപേക്ഷകള്‍ തീർപ്പാക്കണമെങ്കില്‍ കൈക്കൂലി നിർബന്ധമാണ് എന്നതിനൊപ്പം ഒരു കുപ്പിയും കൂടി വേണം എന്നതാണു ജേഴ്സണിന്റെ ശീലം എന്നാണ് ആർടിഒ ഓഫിസ് വൃത്തങ്ങൾ പറയുന്നത്. ഇത്തരത്തിൽ സമ്പാദിച്ച കുപ്പികളും വിജിലൻസ് സംഘം വീട്ടിൽ കണ്ടെത്തിയവയിൽ ഉൾപ്പെടും. ജേഴ്സണെ കുടുക്കിയ ബുധനാഴ്ചത്തെ കൈക്കൂലി കേസിലും മദ്യക്കുപ്പി ഉൾപ്പെട്ടിരുന്നു. ചെല്ലാനം സ്വദേശി മാനേജറായ ബസിന്റെ റൂട്ട് പെർമിറ്റ് പുതുക്കി മറ്റൊരു ബസിലേക്ക് മാറ്റാൻ 25,000 രൂപയും കുപ്പിയുമാണു കൈക്കൂലി ആവശ്യപ്പെട്ടത്.
3 ദിവസത്തേക്ക് താത്കാലികമായി പെർമിറ്റ് പുതുക്കി നൽകിയെങ്കിലും പിന്നീട് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. തുടർന്നായിരുന്നു ഏജന്റുമാരുടെ വരവ്. ആവശ്യപ്പെടുന്ന കാര്യങ്ങൾ കൊടുക്കാതെ പെർമിറ്റ് കിട്ടില്ലെന്ന് ഏജന്റുമാർ വ്യക്തമാക്കി. തുടർന്നാണു ജേഴ്സണിന്റെ ഏജന്റുമാരായ രാമ പടിയാർ, സജി എന്നിവർ ചെല്ലാനം സ്വദേശിയിൽനിന്നു കൈക്കൂലിയുടെ ആദ്യഗഡുവായ 5000 രൂപയും കുപ്പിയും വാങ്ങിയത്. വിജിലൻസിനെ അറിയിച്ച ശേഷമാണു ചെല്ലാനം സ്വദേശി കൈക്കൂലി നൽകിയത് എന്നതിനാൽ ഉടനെ ഇവർ അറസ്റ്റിലായി. ജേഴ്സണിന്റെ നിര്‍ദേശപ്രകാരമാണ് കൈക്കൂലിെയന്ന് ഇവർ മൊഴി നൽകിയതോടെ ആർടിഒയെയും കസ്റ്റഡിയിലെടുത്തു.
ജേഴ്സണിന്റെ പ്രവർത്തനങ്ങൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിക്കുന്നുണ്ട്. ഇതിലൊന്നു വാളയാർ ചെക്പോസ്റ്റിൽനിന്നു ലഭിച്ച വിവരമാണ്. ചെക്പോസ്റ്റിൽ വിജിലൻസിന്റെ റെയ്ഡ് ഉണ്ടാകാതിരിക്കാൻ അവർക്കു പണം നൽകണമെന്നു ജേഴ്സൺ സഹപ്രവർത്തകരോട് ആവശ്യപ്പെട്ടു. തുടർന്ന് ഇവരിൽനിന്ന് 14 ലക്ഷം രൂപ പിരിച്ചു. കഴിഞ്ഞ മാസം വിജിലൻസ് വാളയാർ ചെക്പോസ്റ്റിൽ പരിശോധന നടത്തിയപ്പോഴാണ് ഈ വിവരങ്ങൾ പുറത്തു വന്നത്. ജേഴ്സണിനെയും കൂട്ടാളികളെയും ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും വിജിലൻസ് വൃത്തങ്ങൾ വ്യക്തമാക്കി.