തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് നാളെ സമാപനം. തലസ്ഥാന ജില്ലയിലെ പര്യടനം ഇന്ന് രണ്ടാം ദിവസം ആണ്. അരുവിക്കര ,കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലാണ് ഇന്ന് മന്ത്രിസഭ എത്തുന്നത്. കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ സദസ്സിനെതിരായ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വഴിനീളെ പ്രതിഷേധവും കരിങ്കൊടിയുമായാണ് പ്രതിപക്ഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേൽക്കുന്നത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർത്തെ തുടർന്ന് കേസെടുത്തതിൽ പേടിച്ചുപോയെന്ന വി.ഡി.സതീശന്റെ പ്രതികരണത്തിന് ഇന്ന് കാട്ടാക്കടയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും.
മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്കുള്ള മറുപടി നാളത്തെ ഡിജിപി ഓഫീസ് മാർച്ചിൽ തരാമെന്നാണ് കെപിസിസി പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ഇതിനിടെ, നവകേരള സദസുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ, വെഞ്ഞാറമൂട് ഭാഗങ്ങളിൽ വ്യാപക സംഘർഷമുണ്ടായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീട് സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി ഉയർന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആറ്റിങ്ങലിൽ പ്രകടനം നടത്തി. നവകേരള സദസിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സുകള്‍ പ്രവർത്തകർ നശിപ്പിച്ചു.
നാളെ കൊട്ടിക്കലാശം…
Written by Taniniram Desk
Published on: