തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി എസ് സി) ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്പളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വരുത്തിയത് 1.3 ലക്ഷം രൂപയുടെ വര്‍ധന. (The LDF government has hiked the salary of the chairman and members of the State Public Service Commission (PSC) by Rs 1.3 lakh.) നിലവില്‍ പി എസ് സി ചെയര്‍മാന്റെ ആകെ ശമ്പളം 2.26 ലക്ഷം രൂപയാണ്. ഇത് 3.50 ലക്ഷമായി ഉയരും.
നിലവില്‍ പി എസ് സി കമ്മീഷന്‍ അംഗങ്ങളുടെ ശമ്പളം 2.23 ലക്ഷമാണ്. ഇത് 3.25 ലക്ഷമായിട്ടാണ് വര്‍ധിക്കുന്നത്. ചെയര്‍മാന്‍ അടക്കം 20 അംഗങ്ങളാണ് നിലവില്‍ പിഎസ് സിയിലുള്ളത്. ഒരു സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ആറു വര്‍ഷം അല്ലെങ്കില്‍, 62 വയസ്സ് ആണ് പി എസ് സി അംഗങ്ങളുടെ കാലാവധി.
ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യവുമായിരിക്കും പുതുക്കിയ ശമ്പളമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുള്ളത്.
ശമ്പളം, പെന്‍ഷന്‍, ഒന്നാം ക്ലാസ് യാത്രപ്പടി, പിഎ, ഡഫേദാര്‍, ഡ്രൈവര്‍, ആശ്രിതര്‍ക്ക് അടക്കം ചികിത്സയ്ക്കു പണം, ചെയര്‍മാന് കാറും വീടും തുടങ്ങിയ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ശമ്പള വര്‍ധനവിന് 2016 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ പി എസ് സി ഉന്നയിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ 35 കോടി രൂപയിലേറെ സര്‍ക്കാര്‍ കുടിശ്ശികയും നല്‍കേണ്ടി വരും.
പി എസ് സി അംഗങ്ങളുടെ പെന്‍ഷനിലും വര്‍ധനയുണ്ടാകും. ഒരു വര്‍ഷം പി എസ് സി അംഗമായിരുന്നാല്‍ ശമ്പളത്തിന്റെ 7.5 ശതമാനമാണ് അടിസ്ഥാന പെന്‍ഷന്‍. തുടര്‍ന്ന് ഓരോ വര്‍ഷവും 7.5 ശതമാനം വീതം പെന്‍ഷന്‍ വര്‍ധിക്കും. ആറുവര്‍ഷം കാലാവധി തികയ്ക്കുന്ന ആള്‍ക്ക് ശമ്പളത്തിന്റെ 45 ശതമാനം തുക അടിസ്ഥാന പെന്‍ഷനായി ലഭിക്കും. കൂടാതെ ഡിഎയും ഉണ്ടാകും.
പുതുക്കിയ വര്‍ധന പ്രകാരം, പി എസ് സി ചെയര്‍മാന്റെ പെന്‍ഷന്‍ 1.25 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായി ഉയരും. പി എസ് സി അംഗങ്ങളുടേത് 1.20 ലക്ഷത്തില്‍ നിന്ന് 2.25 ലക്ഷമായും വര്‍ധിക്കുകയും ചെയ്യും. സാമ്പത്തിക പ്രതിസന്ധി കാരണം പല തവണ മാറ്റിയ ശമ്പള വര്‍ധനയാണ് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകരിച്ചത്.