പാതിവില തട്ടിപ്പ് കേസിൽ റെയ്‌ഡ്. കേസിലെ ഏഴാം പ്രതി ലാലി വിൻസെന്റിന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്. ശാസ്തമംഗലത്തെ ആനന്ദ് കുമാറിന്റെ ഓഫിസിലും പരിശോധന നടക്കുന്നുണ്ട്. അതേസമയം കേസിൽ റിമാൻഡിലുള്ള അനന്തു കൃഷ്ണന്റെ ഇടുക്കിയിലെ കോളപ്രയിലെ ഓഫീസിലും ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. നേരത്തെ കേസിൽ ഇ ഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്. കൊച്ചിയിലെ ലാലി വിൻസെന്റിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേസിലെ പ്രധാനസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിൻ്റെ വീട്ടിലും ആനന്ദകുമാറിൻ്റെ ഭാരവാഹിത്വത്തിൽ ഉള്ള തോന്നയ്ക്കൽ സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്. കൂടാതെ അനന്തു കൃഷ്ണന്റെ ഇടുക്കിയിലെ കോളപ്രയിലെ ഓഫീസിലും ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.
നേരത്തെ ലാലി വിൻസെൻ്റിനെ പകുതിവില തട്ടിപ്പ് കേസിൽ പൊലീസ് പ്രതിചേർത്തിരുന്നു. കണ്ണൂർ ടൗൺ പൊലീസ് എടുത്ത കേസിൽ ലാലി വിൻസെൻ്റ് ഏഴാം പ്രതിയാണ്. ഈ കേസിൽ ലാലി വിൻസെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ലാലി വിൻസെൻ്റിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ലാലി വിൻസെന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.