തിരുവനന്തപുരം (Thiruvananthapuram) : സർക്കാർ ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് ഉത്തരവിറക്കി. (The government issued an order fixing the rent for ambulances) ഓരോ ആംബുലൻസുകളിലും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്. നോൺ എസി ഒമ്നി ആംബുലൻസുകൾക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. ഓക്സിജൻ ആവശ്യമായി വന്നാൽ അതിന് 200 രൂപ അധികം നൽകണം.
ഓരോ മണിക്കൂറിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കിൽ നൽകണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.
നോൺ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നൽകണം. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നൽകണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നൽകേണ്ട വെയ്റ്റിങ് ചാർജ്.
ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസുമുള്ള ഡി ലെവൽ ആംബുലൻസുകൾക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നൽകണം. 350 രൂപയാണ് മണിക്കൂറിന് വെയ്റ്റിങ് ചാർജ്.