കല്‍പ്പറ്റ (Kalpatta) : കാട്ടാനയുടെ ആക്രമണത്തില്‍ വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി. മാനുവിനെ കാട്ടാന ആക്രമിച്ചതിന് സമീപത്തായിട്ടാണ് ചന്ദ്രികയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിന് പിന്നാലെ ചന്ദ്രികയെ കാണാതായതിനെത്തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും രാവിലെ മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.
തമിഴ്‌നാട് വെള്ളരിനഗര്‍ നിവാസിയാണ് കൊല്ലപ്പെട്ട മാനു. നൂല്‍പ്പുഴ കാപ്പാട് നഗറിലെ ബന്ധു വീട്ടില്‍ വിരുന്നിന് എത്തിയതാണ് മാനുവും ഭാര്യയും. ഇവര്‍ക്ക് മൂന്നു കുട്ടികളുണ്ട്. വെള്ളരിനഗറില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് കാപ്പാട് നഗര്‍. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരുമ്പോഴായിരുന്നു ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.
വയലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും, മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടായിട്ടും ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.