കൊച്ചി (Kochi) : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളുന്നതില്‍ തീരുമാനം ഉടന്‍ വേണമെന്ന് ഹൈക്കോടതി. (The High Court wants an immediate decision on the loan waiver of the Wayanad landslide victims.) സാമ്പത്തിക വര്‍ഷം അവസാനിക്കാറായെന്നും തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ബാങ്കുകളുമായി ആലോചിക്കണമെന്നും മൂന്നാഴ്ചക്കകം തീരുമാനം അറിയിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
പുനരധിവാസം തുടങ്ങി വയ്ക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കടലാസിലൊതുങ്ങരുതെന്നും, 75 ശതമാനം തുക ചെലവഴിച്ച ശേഷം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. 25 ശതമാനം നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാമെന്നും കോടതി വ്യക്തമാക്കി. ചെലവ് ഓഡിറ്റിന് വിധേയമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ദുരന്തബാധിതരുടെ വ്യക്തിഗത ലോണുകളും മോട്ടോർ വാഹന ലോണുകളും ഹൗസിങ് ലോണുകളും എഴുതി തള്ളാൻ സാധിക്കുമോ എന്ന് കേന്ദ്ര സർക്കാരിനോടും ദേശീയ ദുരന്തനിവാരണ അതോറിറ്റിയോടും കഴിഞ്ഞ വർഷം സെപ്റ്റംംബറിൽ ഹൈക്കോടതി ചോദിച്ചിരുന്നു.
അതേസമയം, മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനം പൂർണ്ണമായും കേന്ദ്ര സർക്കാരിനെ ആശ്രയിക്കരുതെന്ന് കേന്ദ്രം ഹൈക്കോടതിയിൽ നിലപാടെടുത്തു. പുനരധിവാസത്തിൽ കേന്ദ്ര സഹായത്തിനായി കാത്തിരിക്കരുതെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.