ജനങ്ങള്‍ക്ക് തിരിച്ചടിയായി ഭൂനികുതി കുത്തനെ കൂട്ടി. ഭൂനികുതി സ്ലാബുകള്‍ അമ്പതുശതമാനം വര്‍ദ്ധിപ്പിച്ചതായി ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതിലൂടെ നൂറുകാേടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോടതി ഫീസിലും കാര്യമായ വര്‍ദ്ധനയുണ്ട്. ഇതിലൂടെ 150 കോടിയുടെ അധിക വരുമാനമാണ് ലക്ഷ്യം വയ്ക്കുന്നത്.
സര്‍ക്കാര്‍ ഭൂമിയുടെ പാട്ടനിരക്കും കൂട്ടിയിട്ടുണ്ട്. ന്യായവിലയ്ക്ക് അനുസരിച്ച് പാട്ടനിരക്കില്‍ വ്യത്യാസം വരും. പാട്ടത്തുക കുടിശിക തീര്‍പ്പാക്കാന്‍ ഒറ്റത്തവണ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.ഇലക്ട്രിക് കാറുകളുടെ നികുതിയും കൂട്ടി. ഇതിലൂടെ മുപ്പതുകോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുന്നതിന് കേന്ദ്ര ബഡ്ജറ്റില്‍ വാരിക്കോരി ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴാണ് സംസ്ഥാനം ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടിയത്. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്‌കരിക്കും എന്നും ബഡ്ജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ക്ഷേമപെന്‍ഷനുകള്‍ കൂട്ടുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. സാമൂഹ്യക്ഷേമപെന്‍ഷനുകളുടെ മൂന്നുമാസത്തെ കുടിശിക കൊടുത്തുതീര്‍ക്കും എന്ന് പ്രഖ്യാപനമുണ്ട്. ക്ഷേമ പെന്‍ഷന്‍ 200 രൂപയെങ്കിലും വര്‍ദ്ധിപ്പിക്കുമെന്ന തരത്തിലുളള സൂചനകള്‍ ധനമന്ത്രിയും നല്‍കിയിരുന്നു. പക്ഷേ, പ്രഖ്യാപനം ഉണ്ടായില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും.