ബജറ്റ് അവതരണത്തിന് മുമ്പ് സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകാത്തതിൽ നിയമസഭയിൽ ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരത്തെ ഒരു തവണ റിപ്പോർട്ട് സഭയിൽ വെയ്ക്കാൻ കഴിയാത്ത സമയത്തും അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം സഭാ സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ ബജറ്റ് അവതരണം വേണമെന്ന് നിശ്ചയിച്ചതുകൊണ്ടാണ് റിപ്പോർട്ട് നേരത്തെ വിതരണം ചെയ്യാൻ സാധിക്കാത്തതെന്ന് ധനമന്ത്രി അറിയിച്ചു.
നടപടിക്രമവും കാര്യനിർവഹണവും അനുസരിച്ച് ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പ് സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ വെയ്ക്കുന്നതാണ് കീഴ്വഴക്കം. ധനസ്ഥിതി ബജറ്റിന് മുമ്പേ നിയമസഭാ അംഗങ്ങൾക്ക് അറിയുന്നതിനാണ് നേരത്തെ തന്നെ സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ വെയ്ക്കുന്നത്. 2022ൽ സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ വെയ്ക്കാത്തത് ഇതുപോലെ താൻ ഉന്നയിച്ചപ്പോൾ ഇത് ഒരു കീഴ്വഴക്കമാക്കി മാറ്റരുതെന്നും ഇനി ആവർത്തിക്കരുതെന്നുമുള്ള സ്പീക്കറുടെ നിർദേശം ലംഘിക്കപ്പെട്ടുവെന്നും ഇനി ഒരിക്കലും ഉണ്ടാവാതിരിക്കാൻ നിർദേശം നൽകണമെന്നും വിഡി സതീശൻ ബജറ്റ് അവതരണത്തിന് മുന്നോടിയായി തന്നെ സഭയിൽ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ വിശദീകരണം നൽകിയ ധനകാര്യ മന്ത്രി രേഖകളെല്ലാം സഭയിൽ എത്തിച്ചതാണെന്ന് അറിയിക്കുകയായിരുന്നു. സഭയുടെ കാര്യോപദേശക സമിതി നിർദേശിച്ചത് അനുസരിച്ചാണ് സഭാ സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ ബജറ്റ് അവതരണം വേണമെന്ന് നിശ്ചയിച്ചത്. അതുകൊണ്ടാണ് നേരത്തെ വിതരണം ചെയ്യാൻ സാധിക്കാത്തതെന്നും മന്ത്രി പറഞ്ഞു. ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സഭ സമ്മേളിച്ചത് ബജറ്റ് അവതരണ ദിനത്തിലായതിനാലാണ് സഭയിൽ സാമ്പത്തിക അവലോകന റിപ്പോർട്ട് വിതരണം ചെയ്യാൻ സാധിക്കാത്തതെങ്കിലും സാമ്പത്തിക അവലോകനം മുൻകൂട്ടി വിതരണം ചെയ്യണമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്ന് സ്പീക്കർ അറിയിച്ചു.