ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്…തലസ്ഥാനം കനത്ത സുരക്ഷയില്‍…

Written by Web Desk1

Published on:

ന്യൂഡല്‍ഹി (Newdelhi) : നിയമസഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാനം നാളെ വിധിയെഴുതും. (The capital will pass its verdict on the assembly elections tomorrow.) ഇന്ന് നിശബ്ദ പ്രചാരണം എല്ലാ കക്ഷികളും തുടങ്ങിയിട്ടുണ്ട്. പ്രമുഖ നേതാക്കളെല്ലാം വിവിധയിടങ്ങളില്‍ പ്രചാരണത്തിനായി ഇറങ്ങുന്നുണ്ട്. പരസ്പരം ആരോപണങ്ങള്‍ തൊടുത്തും വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ചും എഎപി, ബിജെപി, കോണ്‍ഗ്രസ് കക്ഷികളും ചെറുപാര്‍ട്ടികളും നിശബ്ദ പ്രചാരണം തുടരുകയാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം തിരിച്ചറിഞ്ഞ ബിജെപി ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു.
”ചേരിപ്രദേശങ്ങളിലും മറ്റും താമസിക്കുന്ന വോട്ടര്‍മാരെ ബിജെപി പ്രവര്‍ത്തകര്‍ തെറ്റിദ്ധരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

ബിജെപി അധികാരത്തിലെത്തിയാല്‍ ചേരികളെല്ലാം ഇടിച്ചു നിരത്തും. ബിജെപിക്കു വോട്ട് നല്‍കുന്നതും മരണവാറന്റില്‍ ഒപ്പുവയ്ക്കുന്നതും ഒരുപോലെയാണ്. എന്തെല്ലാം ഗൂഢാലോചനകള്‍ നടത്തിയാലും ഡല്‍ഹിയില്‍ എഎപി ചരിത്ര വിജയം ആവര്‍ത്തിക്കും. തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കള്ളക്കളികള്‍ കണ്ടെത്താന്‍ വോട്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായി സ്‌പൈ ക്യാമറ വിതരണം ചെയ്തിട്ടുണ്ട്.” കെജ്രിവാള്‍ വ്യക്തമാക്കി.

ബിജെപി ഭരിക്കുന്ന ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ കഴിഞ്ഞ 10 വര്‍ഷത്തെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രചാരണത്തിന്റെ അവസാന ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കളത്തിലിറങ്ങിയത്. ”ഡല്‍ഹിയെ കൊള്ളയടിക്കുന്ന കാര്യത്തില്‍ കെജ്രിവാളും മനീഷ് സിസോദിയയും ചേട്ടന്‍ ബാവയും അനിയന്‍ ബാവയുമാണ്. കേന്ദ്ര സര്‍ക്കാരുമായി നിരന്തരം തമ്മിലടിച്ച് കെജ്രിവാളും സംഘവും വികസനക്കുതിപ്പുകള്‍ക്കു തുരങ്കം വച്ചു.

ജനങ്ങളോട് നിരന്തരം നുണപറയുന്ന കെജ്രിവാള്‍ പകരം നല്‍കുന്നത് മാലിന്യക്കൂമ്പാരവും മാലിന്യം കലര്‍ന്ന വെള്ളവും അഴിമതിയുമാണ്. ഡല്‍ഹിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന ഏക പാര്‍ട്ടി ബിജെപി മാത്രമാണ്.” അമിത് ഷാ അവകാശപ്പെട്ടു.

ഷീല ദീക്ഷിത് ഭരണകാലത്ത് ഡല്‍ഹി നേടിയെടുത്ത തിളക്കങ്ങളെല്ലാം എഎപി കെടുത്തിയെന്നു ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് ആരോപിച്ചു. മാലിന്യം കലര്‍ന്ന വെള്ളമുള്‍പ്പെടെ പൊതുസേവന രംഗത്ത് എഎപി കുറ്റകരമായ വീഴ്ചവരുത്തി. ഷീല ദീക്ഷിത് നിര്‍മിച്ചെടുത്ത ഡല്‍ഹിയെ വീണ്ടെടുക്കാനുള്ള അവസരമായി ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ കാണണമെന്നും യാദവ് പറഞ്ഞു.

വാശിയേറിയ പ്രചാരണത്തില്‍ മുന്നണികളിലെ പ്രധാനപ്പെട്ട നേതാക്കള്‍ എല്ലാം സജീവമാണ്. ബജറ്റിലെ ആദായ നികുതി ഇളവ് പ്രഖ്യാപനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ 67 ശതമാനം മധ്യവര്‍ഗ കുടുംബങ്ങളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ആര്‍കെ പുരത്ത് ഉള്‍പ്പെടെ ബിജെപി 51 പ്രചാരണ പരിപാടികളും റാലികളും സംഘടിപ്പിച്ചിരുന്നു.

ഇന്നലെയും പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ഇന്നലെ സീമാപുരിയില്‍ ഉള്‍പ്പെടെ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടികളുണ്ടായിരുന്നു.രാജിവച്ച എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തില്‍ സജീവമാകുമ്പോള്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ നഷ്ടമാകുമോ എന്ന ആശങ്കയാണ് എഎപിക്ക്.

See also  മോദിയുടെ പ്രശംസ പിടിച്ചു പറ്റിയ ഗീത റബാരി ആരെന്നറിയാമോ?

എഎപിയുടെ പ്രചാരണത്തിന് ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളും മുഖ്യമന്ത്രി അതിഷിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും നേതൃത്വം നല്‍കുന്നു. തിരഞ്ഞെടുപ്പ് ദിനത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കേരളത്തില്‍നിന്നുള്ള നേതാക്കളും സജീവമാണ്. ബിജെപിക്കായി മയൂര്‍വിഹാര്‍ ഫേസ് 1, ദില്‍ഷാദ് ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പാലം മണ്ഡലത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും പ്രചാരണത്തിന്റെ ഭാഗമായി. കോണ്‍ഗ്രസിനായി ഷാഫി പറമ്പില്‍ എംപി കസ്തൂര്‍ബാ നഗറില്‍ പ്രചാരണത്തിനെത്തി.

Leave a Comment