കൊച്ചി (Kochi) : ബീഹാറിന് ബിഗ് ബജറ്റ് പ്രഖ്യാപനങ്ങൾ ഇത്തവണയും നൽകിയപ്പോഴും കേരളത്തിന് ബജറ്റിൽ അവഗണന മാത്രം. (Bihar has been given big budget announcements this time too but Kerala has neglected the budget) കേരളം കേന്ദ്ര ബജറ്റിൽ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എട്ടാമത്തെ ബജറ്റ് പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ച ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിന് പേരിനുപോലുമൊരു പദ്ധതി അനുവദിച്ചില്ല എന്ന് മാത്രമല്ല സംസ്ഥാനത്തെ കുറിച്ച് ഒരക്ഷരം മിണ്ടാൻ പോലും കൂട്ടാക്കിയില്ല.
വയനാടിനും പ്രഖ്യാപനങ്ങളില്ല
വയനാടിന് 2,000 കോടിയുടെ പാക്കേജും രാജ്യത്തിന്റെ അഭിമാന പദ്ധതി എന്ന നിലയിൽ വിഴിഞ്ഞം തുറമുഖത്തിന് 5,000 കോടിയും ചോദിച്ചിരുന്നു. വായ്പ പരിധി പ്രവാസി സംരക്ഷണ പദ്ധതികൾക്കായി 300 കോടിയും റബർ താങ്ങുവില 250 രൂപയായി നിലനിർത്തുന്നതിന് 1,000 കോടിയും ചോദിച്ചിരുന്നെങ്കിലും ബജറ്റിൽ കേരളത്തിനായി യാതൊരു പ്രഖ്യാപനവും ഇല്ല.
കേരളം കാത്തിരുന്ന എയിംസും ധനമന്ത്രി പരാമർശിച്ചതേയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആവശ്യപ്പെട്ട 24,000 കോടിയുടെ പ്രത്യേക പാക്കേജും കിട്ടിയില്ല. സിൽവർലൈൻ പദ്ധതിയിലും കേരളത്തിന് ഇത്തവണത്തെ ബജറ്റിലും നിരാശ തന്നെയാണ്. രാജ്യത്തെയാകെ നടുക്കിയ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന് ശേഷം ആ പ്രദേശത്തിന്റെ പുനർനിർമാണത്തിനായി പ്രത്യേക പാക്കേജുകളൊന്നും പരാമർശിക്കാത്തതാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് കേരളത്തിന് ഏറ്റവുമധികം നിരാശയുണ്ടാക്കുന്നത്.
റെയിൽവേയിലും അവഗണന
കേരളത്തിലെ റെയിൽവേ വികസനത്തിന് സഹായകമായ പദ്ധതികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. ഇരട്ടപ്പാത പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള നടപടികളാണ് ബജറ്റിൽ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കിയത്. എന്നാൽ പദ്ധതിയിൽ നിന്നുള്ള റേറ്റ് ഓഫ് റിട്ടേൺ കുറവാണെന്ന കാരണത്തിൽ കേന്ദ്രം ഇനിയും അനുമതി നൽകിയിട്ടില്ല.
റെയിൽവേ വിശദമായ പഠന റിപ്പോർട്ട് തയാറാക്കുന്ന നിലമ്പൂർ നഞ്ചൻകോട് , ഗുരുവായൂർ തിരുനാവായ പാതകൾ, ഷൊർണൂർ-എറണാകുളം മൂന്നാം പാത, തിരുവനന്തപുരം എറണാകുളം മൂന്നാം പാത, തിരുവനന്തപുരം മംഗളൂരു മൂന്നും നാലും പാത പദ്ധതികൾക്കുള്ള നടപടികളും ബജറ്റിൽ ഉണ്ടായില്ല.
വിമർശനവുമായി സംസ്ഥാന സർക്കാർ
കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ കടുത്ത നിരാശയും ബിഹാറിന് ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങളുമുണ്ടായ പശ്ചാത്തലത്തിൽ ഇതിൽ വലിയ രാഷ്ട്രീയ വിമർശനമുന്നയിക്കുകയാണ് കേരളത്തിൽ നിന്നുള്ള എംപിമാരും സംസ്ഥാന സർക്കാരും.
ബിഹാറിൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും സംസ്ഥാനത്ത് ഗ്രീൻ ഫീൽഡ് വിമാനത്താവളമെത്തുമെന്നുള്ള വൻകിട പ്രഖ്യാപനങ്ങൾ ഉൾപ്പെടെ ബജറ്റിലുണ്ട്. ഐഐടി പട്നയ്ക്കും പരമാവധി പ്രോത്സാഹനം നൽകാൻ ബജറ്റിൽ നീക്കിയിരിപ്പുണ്ട്. ആരോഗ്യദായകമായ സ്നാക് എന്ന പേരിൽ ഇപ്പോൾ വലിയതോതിൽ അംഗീകരിക്കപ്പെടുന്ന മഖാനയെ പ്രോത്സാഹിപ്പിക്കാൻ ബിഹാറിൽ മഖാന ബോർഡ് സ്ഥാപിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.