തിരുവനന്തപുരം (Thiruvananthapuram) : വർക്കല അയിരൂരിൽ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ മകൾക്കെതിരെ കേസ്. (A case against the daughter who threw her parents out of the house in Varkala Ayirur.) അയിരൂർ പൊലീസ് കേസെടുത്തു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കൽ, വഞ്ചന കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയുമാണ് മകൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സിജിക്കും ഭർത്താവിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് ഇവർ മാതാപിതാക്കളെ വീട്ടിൽ പുറത്താക്കി ഗേറ്റ് അടച്ചത്.
വൃന്ദാവനം വീട്ടിൽ സദാശിവൻ (79), ഭാര്യ സുഷമ്മ (73) എന്നിവരെയാണ് മകൾ സിജി വീടിന് പുറത്താക്കി ഗേറ്റ് അടച്ചത്. അയിരൂർ പൊലീസ് സ്ഥലത്തെത്തിയിട്ടും മകൾ ഗേറ്റ് തുറക്കാൻ കൂട്ടാക്കിയില്ല. പിന്നീട് പൊലീസ് മതിൽ ചാടിക്കടന്ന് മകളോട് സംസാരിച്ചുവെങ്കിലും മകൾ വഴങ്ങിയില്ല. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് പൂട്ടുന്നത്. ഇന്നലെ സബ് കളക്ടർ മുമ്പാകെ രക്ഷിതാക്കളും മകളും എത്തിയിരുന്നു. തുടർന്ന് രക്ഷിതാക്കൾക്ക് ആ വീട്ടിൽ താമസിക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എന്നാൽ മകൾ ആദ്യമേ വീട്ടിലെത്തി അകത്തുകയറി ഗേറ്റ് ലോക്ക് ചെയ്യുകയായിരുന്നു.
സിജിയുടെ അച്ഛൻ സദാശിവൻ ക്യാൻസർ രോഗിയാണ്. വസ്തുതർക്കമാണ് മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം. ആയിരൂർ പൊലീസ് മകളുമായി സംസാരിച്ചതിന് ശേഷവും മകൾ യാതൊരു കാരണവശാലും വാതിൽ തുറക്കില്ലെന്ന നിലപാടിൽ തന്നെ ഉറച്ചുനിന്നു. തുടർന്ന് പൊലീസ് മാതാപിതാക്കളെ ഷെൽട്ടറിലേക്ക് മാറ്റുകയായിരുന്നു.