Friday, March 14, 2025

ചെന്താമരയുടെ പകയിലൊടുങ്ങിയത് മൂന്ന് ജീവനുകൾ അരിഞ്ഞുവീഴ്‌ത്തേണ്ടവർ ഉണ്ടെന്ന് പറയുന്ന കടുത്ത അന്ധവിശ്വാസി, പിടികൂടാൻ വൻ പോലീസ് സംഘം

Must read

പാലക്കാട് നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പിടികൂടാന്‍ വന്‍പോലീസ് സംഘം . പോലീസിനെ സഹായിക്കാന്‍ നാട്ടുകാരും സംഘടിച്ച് എത്തിയിട്ടുണ്ട്. പ്രതി നേരത്തെ ഒളിവില്‍ പോയ അറക്കമല, പട്ടിമല എന്നീ സ്ഥലങ്ങല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. നാട്ടുകാര്‍ ഭീതിയിലാണ്. ചെന്താമരയുടെ ബന്ധുക്കള്‍ തന്നെ പ്രതിക്കെതിരെ ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലുകകള്‍ നടത്തിയിട്ടുണ്ട്.. ഇന്നലെ രാവിലെു ചെന്താമര കത്തിക്ക് മൂര്‍ച്ചകൂട്ടിയെന്നാണ് ബന്ധുക്കളില്‍ ചിലര്‍ വെളിപ്പെടുത്തുന്നത്. ചെന്താമര പക കൊണ്ടു നടക്കുന്നവനാണെന്ന് അമ്മാവന്‍ നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേഷ്യക്കാരനാണെന്നും പക തോന്നിയാല്‍ എന്തും ചെയ്യുന്ന ആളാണെന്നും നാരായണന്‍ പറഞ്ഞു. അയല്‍വാസിയായ സ്ത്രീയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഭാര്യവീട്ടില്‍ ആരെങ്കിലും വിവാഹാലോചനയുമായെത്തിയാലും ഭീഷണിപ്പെടുത്തുമെന്നും നാരായണന്‍ വെളിപ്പെടുത്തി. കല്യാണ ശേഷം വീടുവിട്ടിറങ്ങിയെത്തിയപ്പോള്‍ തന്റെ വീട്ടിലെത്തി. നാലു വര്‍ഷം അമ്മാവനായ നാരായണന്റെ വീട്ടിലായിരുന്നു താമസം. പിന്നീട് വീട്ടില്‍ നിന്ന് പുറത്താക്കി. അതിന് ശേഷം യാതൊരു ബന്ധവുമില്ലെന്നും നാരായണന്‍ പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്ക് വേണ്ടിയാണ് പണമേറെയും ചെലവഴിക്കുന്നതെന്നും അമ്മാവന്‍ പറയുന്നു.

അമ്മയുമായി മാത്രമാണ് ചെന്താമരക്ക് ബന്ധമുണ്ടായിരുന്നതെന്നും ബന്ധുക്കളോടൊന്നും സംസാരിക്കാറില്ലായിരുന്നെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഭക്ഷണം വീട്ടില്‍ സ്വയം വെച്ച് കഴിക്കാറാണ് പതിവ്. വീട്ടിലെ എല്ലാവരും വിവാഹം ചെയ്യും മുമ്പെ കല്യാണം കഴിച്ച് വീടുവിട്ടിറങ്ങിയതാണ് ചെന്താമര. അന്നുമുതല്‍ വീട്ടുകാരുമായി ബന്ധമില്ലായിരുന്നു. അമ്മയെ കാണാന്‍ മാത്രമാണ് തറവാട്ടിലേക്ക് വരുന്നത്. പ്രതി തങ്ങളുടെ കുടുംബത്തിനും ഭീഷണിയെന്നും ബന്ധു വ്യക്തമാക്കി. തങ്ങളെയും കൊല്ലുമോയെന്ന് പേടിച്ചത് കൊണ്ടാണ് വീട്ടില്‍ കയറാന്‍ അനുവദിക്കുന്നത്. ആദ്യകൊലപാതക ശേഷം ഒളിവില്‍പോയ ചെന്താമര തറവാടു വീട്ടിലെത്തിയത് ചോറ്, ചോറ് എന്ന് പറഞ്ഞായിരുന്നു. വീട്ടുകാരാണ് അന്ന് പൊലീസിനെ വിവരമറിയിച്ചത്. ഭാര്യയുമായി ചെന്താമര മിക്കപ്പോഴും വഴക്കിടാറുണ്ടായിരുന്നെന്നും ബന്ധു വെളിപ്പെടുത്തി. ജാമ്യം ലഭിക്കാന്‍ ബന്ധുക്കളോ വീട്ടുകാരോ സഹായിച്ചിട്ടില്ലെന്നും പ്രതി സ്വന്തം നിലയിലാണ് അതെല്ലാം ചെയ്തതെന്നും ബന്ധു പറഞ്ഞു.

സജിതയെ കൊന്നത് നീളന്‍ മുടിയുളള സ്ത്രീയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന ജ്യോത്സന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന്

കാര്യങ്ങള്‍ പെട്ടെന്ന് നേടിയെടുക്കണമെന്ന തിടുക്കമുണ്ടായിരുന്ന ആളാണ് ചെന്താമരയെന്നും ഇയാളുടെ മറ്റൊരു ബന്ധുവായ പരമേശ്വരന്‍ പറഞ്ഞു. അതിനായി പലയിടങ്ങളിലും പോകുന്നത് പതിവായിരുന്നു. ഭാര്യ അകലാന്‍ കാരണം നീളന്‍ മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജ്യോതിഷി പറഞ്ഞു. നീണ്ട മുടിയുണ്ടായിരുന്ന സജിതയെ കൊലപ്പെടുത്തിയതും അങ്ങനെയാണ്. ഇന്നലെ കത്തി മൂര്‍ച്ച കൂട്ടി വെച്ചിരുന്നു. എന്തിനെന്ന് ചോദിച്ചപ്പോള്‍ എനിക്കെതിരെയുള്ള ശത്രുക്കളെ വകവരുത്താനെന്നാണ് പ്രതി പറഞ്ഞതെന്നും പരമേശ്വരന്‍ പറഞ്ഞു. ചെന്താമര ആരോടും മിണ്ടാറില്ലെന്നും പുറത്തിറങ്ങുന്നത് കുളിക്കാനും ഭക്ഷണം കഴിക്കാനും മാത്രമാണെന്നും പരമേശ്വരന്‍ പറഞ്ഞു. നെന്മാറയില്‍ അമ്മയേയും മകനേയും വെട്ടിക്കൊന്ന പ്രതി ചെന്താമരയ്ക്കെതിരേ മുമ്പ് പരാതിപ്പെട്ടിരുന്നെങ്കിലും പോലീസ് ഗൗനിച്ചില്ലെന്ന ആരോപണവുമായി നാട്ടുകാരും കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖിലയും രംഗത്തു വന്നിട്ടുണ്ട്. ചെന്താമര ആക്രമിക്കുമെന്ന ഭീതിയിലാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. രണ്ടു മാസം മുമ്പാണ് പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയത്. ചെന്താമര മുമ്പ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ പറയുന്നു. ചെന്താമരയെ പേടിച്ച് വീട്ടിലേക്ക് വരാറില്ലെന്നും മാറിത്താമസിക്കുകയായിരുന്നു എന്നും അഖില പറയുന്നു. സുധാകരന്‍ തമിഴ്‌നാട്ടില്‍ ഡ്രൈവറാണ്. ക്ഷേമനിധി പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് വീട്ടിലെത്തിയത്. ചെന്താമര ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കഴിഞ്ഞ ഡിസംബര്‍ 29-ന് സുരക്ഷയാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് പരാതി കാര്യമാക്കിയില്ല എന്നാണ് അഖിലയുടെ ആരോപണം.

See also  ബഷീർ പുരസ്കാര നിറവിൽ ഇ സന്തോഷ് കുമാർ

2019 ആഗസ്ത് 31നാണ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കിടപ്പുമുറിയില്‍ കയറി വെട്ടിക്കൊന്നത്. സുധാകരന്‍ അന്ന് തിരുപ്പൂരില്‍ ജോലി സ്ഥലത്തായിരുന്നു. കുട്ടികള്‍ സ്‌കൂളിലുമായിരുന്നു. ഈ അവസരം നോക്കിയായിരുന്നു കൊലപാതകം. കൊലപാതകശേഷം ഇയാള്‍ പോത്തുണ്ടി, നെല്ലിയാമ്പതി മേഖലയിലെ കാട്ടിലേക്ക് രക്ഷപ്പെട്ടെങ്കിലും പൊലീസ് പരിശോധനയില്‍ പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ പുറത്തിറങ്ങിയപ്പോള്‍ 2019 സെപ്തംബര്‍ മൂന്നിനാണ് ഇയാള്‍ പിടിയിലായത്. തന്റെ കുടുംബം നശിക്കാന്‍കാരണം സുധാകരന്റെ കുടുംബമാണെന്ന് മഷിനോക്കിയാണ് ചെന്താമര തീരുമാനിച്ചതെന്നും ഇയാളുടെ രീതികളും നീക്കങ്ങളുമൊക്കെ നിഗൂഢമാണെന്നും നാട്ടുകാര്‍ പറയുന്നു. ജ്യോതിഷിയാണ് ഇത്തരത്തില്‍ ചെന്താമരയെ ഇങ്ങനെ വിശ്വസിപ്പിച്ചത്. സജിതയെ കൊന്ന ശേഷം ഒളിവില്‍ പോയ പ്രതിയെ തുടക്കത്തില്‍ കണ്ടെത്താനായിരുന്നില്ല. അരക്കമലയിലും പരിസര പ്രദേശങ്ങളിലും വനത്തിലുമായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. അന്ന് കാട്ടിനുള്ളിലെ ഒളിത്താവളംവിട്ട് പുറത്തിറങ്ങുന്നതിനിടെയാണ് അന്വേഷണസംഘം പിടികൂടുകയായിരുന്നു. സമാനമായ ഒരു സാധ്യതയാണ് ഇത്തവണയും പൊലീസ് പ്രതീക്ഷിക്കുന്നത്. വിശപ്പ് സഹിക്കാന്‍ കഴിയാതാവുമ്പോള്‍ ചെന്താമര താനെ കാടിറങ്ങുമെന്നാണ് നാട്ടുകാരും പറയുന്നത്. ഇതിനിടയില്‍ വീട്ടില്‍ കണ്ടെത്തിയ വിഷക്കുപ്പി പൊലീസിന് തലവേദനയാകുന്നുണ്ട്. വിഷം കഴിച്ച് താന്‍ കാട്ടിനുള്ളില്‍ മരിച്ചുവെന്ന വരുത്തിതീര്‍ക്കാനാകും ചെന്താമരയുടെ ശ്രമമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article