തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം മെട്രോയുടെ അന്തിമ രൂപരേഖയ്ക്ക് സർക്കാർ ഈ മാസം അംഗീകരം നൽകാൻ സാധ്യത. (The government is likely to approve the final design of Thiruvananthapuram Metro this month) പദ്ധതിക്കായി വ്യത്യസ്ത അലൈൻമെൻ്റ് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഡല്‍ഹി മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറാക്കിയ അലൈൻമെൻ്റ് ഉൾപ്പെടെയാണ് സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. നൽകിയിട്ടുള്ള അലൈൻമെന്റുകൾ വിശകലനം ചെയ്ത് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കേണ്ടത് സർക്കാരാണ്. ഈ മാസാവസാനത്തോടെ അത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലോക്നാഥ് ബെഹ്റ അറിയിച്ചു.
ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് കടന്നുപോകുന്ന രീതിയിലാണ് എല്ലാ അലൈൻമെൻ്റുകളും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അലൈൻമെൻ്റ് സർക്കാർ അംഗീകരിച്ചാൽ പദ്ധതി കേന്ദ്രസർക്കാരിന് കൈമാറുന്നതിന് മുമ്പ് കെഎംആർഎൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി ക്യാബിനറ്റ് അംഗീകാരത്തിനായി അയയ്ക്കും. കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ടയിലേക്കുള്ള അലൈൻമെൻ്റാണ് സംസ്ഥാന സർക്കാർ താല്പര്യപ്പെടുന്നത് എന്നാണ് വിവരം.