വാദ്യോപകരണ രംഗത്തെ രാജ ശില്പിയായി രാജു

Written by Taniniram

Published on:

കെ.ആര്‍ അജിത

ധിം ന നാതൃ തരികിടതോം നാതൃ ധിം ന…. തബലയില്‍ മാന്ത്രിക വിരലുകള്‍ കൊണ്ട് വേദിയില്‍ ജതികള്‍ ഉതിര്‍ന്നു വീഴുമ്പോള്‍ നെടുപുഴയില്‍ തബലയും മൃദംഗവും ശ്രുതി ചേര്‍ത്ത് മിനുക്കി എടുക്കുന്ന ഒരാളുണ്ട്. നെടുപുഴ പുത്തന്‍പറമ്പില്‍ രാജു. രാജുവിന്‌റെ പണിശാലയില്‍ നിന്നും അണമുറിയാതെ തബലയുടെയും മൃദംഗത്തിന്റെയും നാദവീചികളാണെപ്പോഴും. മുപ്പതോളം വര്‍ഷമായി സംഗീത വാദ്യോപകരണ രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ് ഇദ്ദേഹം. തബലയും മൃദംഗവും ആണ് രാജു കൂടുതല്‍ നിര്‍മ്മിച്ചു വരുന്നത്. കൂടാതെ ഇടയ്ക്ക, തുടി, ഡോല്‍, തിമില എന്നിവയും ആവശ്യാനുസരണം ഉണ്ടാക്കി കൊടുക്കും. കുട്ടിക്കാലത്ത് തൃശൂര്‍ കൊക്കാലയില്‍ താമസിച്ചിരുന്ന രാജുവിന് അമ്മ വഴിക്ക് കിട്ടിയ സംഗീതമാണ് ഈ മേഖലയിലേക്ക് രാജുവിനെ എത്തിച്ചത്.

പാട്ട് ജീവവായുവായ രാജുവിന് താന്‍ ഈ മേഖലയിലേക്ക് വന്നതിന്റെ രസകരമായ കഥയുണ്ട് പറയുവാന്‍. എനിക്ക് 10 വയസ്സുള്ളപ്പോള്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് താമസിക്കുന്ന വെളുത്തേടത്ത് ജോണ്‍സേട്ടന്റെ വീടിനു മുന്നിലൂടെ നടന്നുപോകുമ്പോള്‍ വീട്ടില്‍ നിന്നും തബല വായിക്കുന്ന ശബ്ദം കേട്ടു. ആ വീട്ടിലേക്ക് കയറി ഞാന്‍ ഒരു പാട്ടു പാടിക്കോട്ടെ എന്ന് ചോദിച്ചു. അവിടെ അന്ന് തബലയും മൃദംഗവും ചെണ്ടയും എല്ലാം ഉണ്ടാക്കുന്ന ജോണ്‍സേട്ടന്‍ പാടാന്‍ പറഞ്ഞു. അന്നുമുതല്‍ ആ വീട്ടില്‍ സ്ഥിരമായി പാട്ടും സംഗീതോപകരണങ്ങളുമായി രാജുവും കൂടെ കൂടി. 25 വര്‍ഷത്തോളം ഗുരുനാഥനായ ജോണ്‍സന്റെ കീഴില്‍ വാദ്യോപകരണങ്ങള്‍ നിര്‍മ്മിച്ചും ശ്രുതിമീട്ടിയും ശ്രുതി ചേര്‍ത്തും ജീവിക്കുകയായിരുന്നു രാജു. തുടര്‍ന്ന് നെടുപുഴയില്‍ വീട് വാങ്ങി സ്വന്തമായി വാദ്യോപകരണ നിര്‍മ്മാണശാല ആരംഭിച്ചു.

തബലയും മൃദംഗവും നിര്‍മ്മിക്കാന്‍ ഏറ്റവും ഉത്തമമായ മരം കണിക്കൊന്നയാണെന്നാണ് രാജുവിന്റെ പക്ഷം. പിന്നെ പ്ലാവും. പ്ലാവില്‍ തന്നെ കാതലും വെള്ളയും കൊണ്ട് നിര്‍മ്മിക്കുന്നുണ്ട്. കാതല്‍ മരം കൊണ്ട് ഉണ്ടാക്കുന്നതിന് വില അല്പം കൂടും. സാധാരണ മൃദംഗത്തിന് 11000 രൂപയും 24 ഇഞ്ചുള്ള കാതല്‍ കൊണ്ടുണ്ടാക്കിയ മൃദംഗത്തിന് 16000 രൂപയുമാണ് വില. 22 ഇഞ്ച് ഉള്ള മൃദംഗത്തിന് 9500 രൂപയും തബലയ്ക്ക് 6000 രൂപയും വിലയുണ്ട്. കുട്ടികള്‍ക്കായി സ്‌പെഷ്യലായി നിര്‍മ്മിക്കുന്നതാണ് ഉയരക്കുറവുള്ള തബല, മൃദംഗം എന്നിവ. മൃദംഗം ഒരു ഭാഗം ആട്ടിന്‍തോല്‍ ഉപയോഗിച്ചും മീട്ടുന്ന ഭാഗം പശുവിന്റെ തോല്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.മൃദംഗത്തിന്റെ മുകളിലെ മെടച്ചില്‍ മുദ്രകള്‍ എരുമ തോലും. തബലയിലും മൃദംഗത്തിലും സുഗമ നാദത്തിനായി ചേര്‍ക്കുന്ന മഷി പുരാണ കീടം എന്നൊരു കല്ലു പൊടിച്ചു ഉണ്ടാക്കുന്നതാണ്. പുരാതനകാലത്ത് അഗ്‌നിപര്‍വ്വതം പൊട്ടി ഉണ്ടാകുന്ന ലാവ ആണ് ഈ പുരാണ കീടം കല്ല്. പീച്ചി, വലക്കാവ് പ്രദേശത്തു നിന്നാണ് ഇവ ലഭിക്കുക എന്നും രാജു പറഞ്ഞു.

പുരാണ കീടവും ചോറും ചേര്‍ത്ത് അരച്ചെടുക്കുന്ന മിശ്രിതമാണ് മഷിയായി മൃദംഗത്തിലും തബലയിലും ചേര്‍ക്കുന്നത്. തബല നിര്‍മിക്കുന്നത് ആടിന്റെ തോലുകൊണ്ടാണ്. തബലക്കൊപ്പമുള്ള ഡഗ്ഗ്‌ സ്റ്റീലിന്റെയും ചെമ്പിന്റെയും തിരുപ്പൂരില്‍ നിന്നാണ് രാജു കൊണ്ടുവരുന്നത്. വാദ്യോപകരണങ്ങള്‍ക്ക് ആവശ്യമുള്ള മൃഗത്തോലുകള്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കൊണ്ടുവരും. രാജു നിര്‍മ്മിക്കുന്ന വാദ്യോപകരണങ്ങള്‍ എറണാകുളം മാനുവല്‍, തൃശൂര്‍ സായി മ്യൂസിക്കല്‍സ് എന്നിവിടങ്ങളില്‍ ലഭിക്കും. ആദ്യകാലങ്ങളില്‍ തൃശൂരിലെ ഗാനമേള ട്രൂപ്പുകളില്‍ ഗായകന്‍ കൂടിയായിരുന്നു രാജു. വാദ്യോപകരണ നിര്‍മ്മാണത്തില്‍ മകന്‍ രാഹുലും സുഹൃത്ത് വര്‍ഗ്ഗീസ്‌ ചേട്ടനും രാജുവിന് സഹായികളായി ഒപ്പമുണ്ട്. എസ്.പി. ബാലസുബ്രഹമണ്യത്തിന്റെ ആരാധകന്‍ കൂടിയായ രാജു തബലയില്‍ താളമിട്ട് ശ്രുതി ചേര്‍ക്കുന്നു. ജീവിതത്തിനും മധുരം പകരാന്‍.

See also  ഷാരോണിനും കുടുംബത്തിനും നീതിനൽകിയത് തൃശൂർക്കാരനായ അഡീഷണൽ സെക്ഷൻസ് ജഡ്ജ് എ.എം.ബഷീർ , മുൻ നിയമസഭാസെക്രട്ടറി, സാഹിത്യകാരൻ

Leave a Comment