ഭർത്താവിന്റെ ഉമ്മയുടെ കാലിൽ വീഴ്ന്ന് കരഞ്ഞു;കറുത്തതായതിനാൽ വെയിൽ കൊള്ളരുതെന്ന് പറഞ്ഞ് പരിഹസിച്ചു; ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും കളിയാക്കൽ; ഷഹാനയുടെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ

Written by Taniniram

Published on:

മലപ്പുറം: കൊണ്ടോട്ടിയിലെ നവ വധുവിന്റെ മരണത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത്. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെയാണ് കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ് (19) ആത്മഹത്യ ചെയ്തത്. നിറത്തിന്റെ പേരില്‍ കടുത്ത അവഗണനയും മാനസിക പ്രയാസവുമാണ് ഭര്‍തൃവീട്ടില്‍ പെണ്‍കുട്ടി നേരിട്ടത്. ഭര്‍ത്താവും അദ്ദേഹത്തിന്റെ ഉമ്മയും നിറത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു.

ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന് പോലും പരിഹസിച്ചിരുന്നു. കൂടാതെ ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും ഇവര്‍ പരിഹസിച്ചു. എന്നാല്‍ പെണ്‍കുട്ടി ഈ വിവരം ഒന്നും വീട്ടില്‍ അറിയിച്ചിരുന്നില്ല. സഹപാഠികള്‍ പറഞ്ഞാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. രണ്ടാഴ്ച മുമ്പാണ് ഷഹാന ഈ കാര്യം തങ്ങളോട് പറഞ്ഞതെന്ന് അമ്മാവന്‍ സലാം പറഞ്ഞു. വിവാഹ ബന്ധത്തില്‍ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന് വാഹിദിന്റെ ഉമ്മ ചോദിച്ചു. വാഹിദിന്റെ ഉമ്മയുടെ കാലില്‍ കെട്ടിപിടിച്ചു ഷഹാന പൊട്ടികരഞ്ഞുവെന്നും ബന്ധുക്കള്‍ പറയുന്നു. മാനസിക സമ്മര്ദം സഹിക്കാതെയാണ് ഷഹാന ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസില്‍ രേഖമൂലം പരാതി നല്‍കുമെന്നും അമ്മാവന്‍ സലാം പറഞ്ഞു. കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയതിന് ശേഷമാണ് കുട്ടിയുടെ നിറം പ്രശ്നമാണെന്ന് പറഞ്ഞ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് വിളിച്ചതെന്ന് ഷഹാന അബ്ദുള്‍ സലാം പറഞ്ഞു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

See also  യുഎസ് ഇന്റലിജൻസ് ഡയറക്ടറാകുന്ന തുൾസി കൃഷ്ണഭക്ത;ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആദ്യ അമേരിക്കക്കാരി

Leave a Comment