കൊച്ചി (Kochi) : ബോബി ചെമ്മണൂരിനു കുരുക്കു മുറുകുന്നു. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം നൽകിയിട്ടും ജയിലിൽ നിന്നു പുറത്തിറങ്ങാതിരുന്ന വിഷയം ഗൗരവമായെടുത്ത ഹൈക്കോടതി, ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാനും ആവശ്യപ്പെട്ടു. ബോബി ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലിൽ നിന്നു പുറത്തിറങ്ങാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ.
ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യ ഉത്തരവ് ജയിലിൽ എത്തിച്ചെങ്കിലും ബോബി പുറത്തിറങ്ങിയില്ല. നടപടിക്രമങ്ങൾ നീണ്ടു പോയതിനാൽ പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് നീട്ടുകയായിരുന്നു എന്നാണ് വിശദീകരണം. എന്നാൽ ഇന്നലെ ശബരിമല മകരവിളക്ക് അടക്കമുള്ള കാര്യങ്ങള്‍ ഉള്ളതിനാൽ ആവശ്യമായ മാധ്യമശ്രദ്ധ കിട്ടില്ല എന്നതിനാലാണ് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് മാറ്റിയത് എന്നും ചില അഭിഭാഷകർ അഭിപ്രായപ്പെടുന്നു.
ജാമ്യം ലഭിച്ചിട്ടും സാങ്കേതിക പ്രശ്നങ്ങൾ മൂലം പുറത്തിറങ്ങാൻ കഴിയാത്തവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ജയിലിൽ തുടരുന്നത് തുടങ്ങിയ കാര്യങ്ങൾ ‘ബോബി ഫാൻസ്’ ഇതിനിടെ പ്രചരിപ്പിച്ചിരുന്നു. ഇന്നു രാവിലെ ബോബി പുറത്തിറങ്ങുമെന്ന് വ്യക്തമായതോടെ ആരാധകർ ജയിലിനു മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്. ബോബിയുടെ അഭിഭാഷകർ റിലീസ് ഉത്തരവുമായി ജയിലിൽ എത്തിയതായാണ് വിവരം. അതുെകാണ്ടു തന്നെ ഉച്ചയ്ക്ക് മുൻപ് ബോബി പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. എന്നാൽ ഹൈക്കോടതി ഇക്കാര്യത്തിൽ എന്തെങ്കിലും കടുത്ത നടപടിയിലേക്ക് പോകുമോ എന്നാണ് ഇനി അറിയേണ്ടത്.
ഹണി റോസിന്റെ പരാതിയിൽ ഈ മാസം എട്ടിനാണ് ബോബി ചെമ്മണൂർ വയനാട്ടിൽനിന്ന് അറസ്റ്റിലാകുന്നത്. അന്നു വൈകിട്ട് കൊച്ചിയിലെത്തിച്ച ബോബി ചെമ്മണൂരിനെ പിറ്റേന്ന് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. അന്നു മുതൽ ബോബി കാക്കനാട് ജില്ലാ ജയിലിലാണ്. വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നൽകിയെങ്കിലും പരിഗണിക്കുന്നത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് ജാമ്യം അനുവദിച്ചത്. ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്.