പൊന്നമ്പലമേട്ടിൽ ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.30-ന് സോപാനത്ത് എത്തും

Written by Web Desk1

Published on:

പത്തനംതിട്ട (Pathanamthitta) : ശബരിമല ശാസ്താവിന് ഇന്ന് മകരവിളക്ക്. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന പുണ്യമുഹൂർത്തത്തിനായി കാത്തിരിപ്പിലാണ് ഭക്തർ. ഇന്നലെ രാത്രി മുതൽ സന്നിധാനത്ത് വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. സന്നിധാനത്ത് രാവിലെ ഒമ്പത് മണിക്ക് മകരസംക്രമപൂജ നടന്നു.

അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവും വ​​ഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് 5.30 ന് ശരംകുത്തിയിലെത്തും. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്ര വിവിധയിടങ്ങളില്‍ നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ശബരിമലയിലെത്തുന്നത്. തൃക്കേട്ട രാജരാജ വര്‍മയാണ് ഘോഷയാത്ര നയിക്കുന്നത്. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കം 26 അംഗ സംഘമാണ് തിരുവാഭരണം വഹിക്കുന്നത്.

ശരംകുത്തിയിൽ നിന്ന് ഘോഷയാത്ര ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥർ സന്നിധാനത്തേക്ക് ആനയിക്കും. ഘോഷയാത്ര വൈകിട്ട് 6.30-നാണ് പതിനെട്ടാംപടി കയറി സോപാനത്ത് എത്തുന്നത്. തുടർന്ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തനും മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങും. പിന്നീട് ദീപാരാധനയ്‌ക്കായി നടയടക്കും.

ദീപാരാധന നടക്കുമ്പോഴായിരിക്കും പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക. ഒരു വർഷത്തെ അയ്യപ്പഭക്തരുടെ കാത്തിരിപ്പിനാണ് വൈകിട്ട് സംക്രമ സന്ധ്യയോടെ പരിസമാപ്തിയാകുന്നത്. മകരവിളക്കിനോടനുബന്ധിച്ച് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. ഭക്തജനതിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ പൊലീസ് സന്നാഹങ്ങളെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

See also  കരിങ്കൊടി പ്രതിഷേധക്കാരെ മര്‍ദ്ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍..

Leave a Comment