ജ്യോതിരാജ് തെക്കൂട്ട്
ധനുമാസത്തിലെ തിരുവാതിര നാൾ ഏഴര വെളുപ്പിന് കുളിച്ച് കുറിത്തൊട്ട് വിളക്ക് കത്തിച്ചു കൊണ്ടാണ് തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. അവർ നൃത്തം വെച്ചും, ഊഞ്ഞാലാടിയും ആഹ്ളാദിക്കുന്നു. പരമശിവൻ്റെ തിരുനാളാണ് തിരുവാതിര എന്നാണ് വിശ്വാസം. ധനുമാസത്തിലെ തിരുവാതിരയ്ക്ക് വളരെയധികം പ്രത്യേകതകളും, വ്രതങ്ങളിൽ അതീവപ്രാധാന്യവും തിരുവാതിര വ്രതത്തിനുണ്ട്. തന്നിൽ ശിവന് പ്രണയം വർദ്ധിക്കാൻ പാർവതി അനുഷ്ഠിച്ച വ്രതത്തെ അനുകരിച്ച് കേരളത്തിലെ സ്ത്രീകളും വ്രതം ആചരിക്കുന്നു എന്ന് തിരുവാതിരയുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യമുണ്ട്. ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻ്റെ ആഹ്ളാദത്തിൽ പാർവതി ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും ഊഞ്ഞാലാടിയും ആനന്ദിച്ചതിൻ്റെ ഓർമ്മ പുതുക്കലായും മകയിരവും, തിരുവാതിര നാളും ചേർന്ന രാവിൽ തിരുവാതിര ആഘോഷിക്കുന്നതെന്നും പറയപ്പെടുന്നു. തന്നിൽ ശിവന് കാമം വർദ്ധിക്കാൻ പാർവതി അനുഷ്ഠിച്ച വ്രതാനുഷ്ഠാനങ്ങളെ പിൻതുടർന്ന് കാമദഹനഫലമായി വികാരവിഹീനരായിത്തീർന്ന ശിവനെ പ്രാർത്ഥിക്കുകമൂലം ശിവൻ കാമദേവനെ പുനർജ്ജീവിപ്പിച്ചുവെന്നും , തിരുവാതിരനാളിൽ പുനർജ്ജനിച്ച കാമദേവൻ്റെ ഓർമ്മയ്ക്ക് സ്ത്രീകൾ ആ ദിവസം ആഘോഷിക്കുന്നുവെന്നുമാണ് മറ്റൊരു കഥ.
ക്ഷേത്ര ദർശനത്തിന് അതീവ പ്രാധാന്യമുള്ള ദിവസം കൂടിയാണിത്. മകയിരം ദിവസത്തിലെ വ്രതം മക്കൾക്കുവേണ്ടിയും, തിരുവാതിര വ്രതം ഭർത്താവിനു വേണ്ടിയും ഉള്ളതാണ്. കുടുംബ ഐശ്വര്യം , ഇഷ്ട വിവാഹം ദീർഘായുസ്, രോഗമുക്തി അഭിവൃദ്ധി തുടങ്ങി അനേകം ഗുണങ്ങളുണ്ട് ഈ വ്രതത്തിന് എന്നാണ് വിശ്വാസം. വിവാഹശേഷം ദമ്പതികളുടെ ആദ്യത്തെ തിരുവാതിര ആഘോഷം പൂത്തിരുവാതിര അഥവാ പുത്തൻ തിരുവാതിര എന്നറിയപ്പെടുന്നു. തിരുവാതിര വ്രതം നോൽക്കുന്ന സ്ത്രീകൾ ദശപുഷ്പങ്ങൾ ചൂടിയാലെ പൂർണ വ്രതം ലഭിക്കൂ എന്നാണ് വിശ്വാസം. കറുക, വിഷ്ണു ക്രാന്തി, മുക്കൂറ്റി പൂവാം കുരുന്നില, നിലപ്പന, കയ്യൂന്നി, ഉഴിഞ്ഞ, മുയൽചെവിയൻ, ചെറൂള, തിരുതാളി എന്നിവയാണ് ദശപുഷ്പങ്ങൾ.
ആർദ്രാജാഗരണം എന്ന തിരുവാതിര ഉറക്കമിളയ്ക്കലും പാതിരാപ്പൂ ചൂടൽ ചടങ്ങുകളും രാത്രിയിലാണ് നടത്തേണ്ടത്. തിരുവാതിര ആഘോഷിക്കേണ്ടത് മകയിരം കഴിഞ്ഞ് പിറ്റേന്ന് തിരുവാതിര ദിവസവുമാണ്. മകയിര സന്ധ്യയിലാണ് എട്ടങ്ങാടി നിവേദ്യം തയ്യാറാക്കുന്നത്. അന്ന് വീട്ടു പറമ്പുകളിൽ നിന്നും പറിച്ചെടുത്ത കിഴങ്ങുവർഗങ്ങൾ ചേന, ചേമ്പ്, ചെറുകിഴങ്ങ് കൂർക്ക കാച്ചിൽ ഏത്തക്കായ വൻപയർ, ശർക്കര എന്നിവ കൊണ്ട് തയ്യാറാക്കിയതാണ് എട്ടങ്ങാടി നിവേദ്യം. സ്ത്രീകളുടെ ആ ദിവസത്തെ മുഴുവൻ ഭക്ഷണവും ഈ പുഴുക്കലാണ്. കൂവ കുറുക്കി കുടിക്കുന്നതും ചിലയിടത്ത് പതിവുണ്ട്. അതുപോലെ നൂറ്റെട്ട് വെറ്റില നേദിച്ച് ഭർത്താവും ഭാര്യയും കൂടെ തിരുവാതിരനാളിൽ കഴിച്ചു തീർക്കുന്ന ഏർപ്പാടും ഉണ്ട്. ഇതെല്ലാം പ്രാദേശികമായി പലയിടത്തും വ്യത്യാസപ്പെട്ടിരിക്കാം. പണ്ടൊക്കെ ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകൾ രാത്രിയിൽ ഏതെങ്കിലുമൊരു തറവാട്ടുമുറ്റത്ത് ഒത്തു കൂടുമായിരുന്നു .ഇന്നത് ഉമാമഹേശ്വര പ്രാധാന്യമുള്ള ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങി.